കാട്ടാന ശല്യം ഭയന്ന് രണ്ട് ലൈറ്റ് കൂടുതൽ വെച്ചു; മോഡിഫിക്കേഷൻ നടത്തിയെന്ന് കാട്ടി ആംബുലൻസിന് പിഴയിട്ട് എംവിഡി
കൊച്ചി: രൂപമാറ്റം വരുത്തിയെന്നാരോപിച്ച് കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ആംബുലൻസിന് മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) പിഴ. ആംബുലൻസിന് മുകളിൽ അധികമായി ലൈറ്റുകൾ ഘടിപ്പിച്ചതിനാണ് 5500 രൂപ എംവിഡി പിഴയായി ഈടാക്കിയത്. എന്നാൽ, വന്യമൃഗങ്ങളുടെ പ്രത്യേകിച്ച് കാട്ടാനകളുടെ ശല്യം രൂക്ഷമായ മലയോര മേഖലയിൽ സർവീസ് നടത്തുന്നതിനാലാണ് ലൈറ്റുകൾ കൂടുതൽ വേണ്ടിവന്നതെന്നാണ് പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതർ നൽകുന്ന വിശദീകരണം.
വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ രാത്രിയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ആംബുലൻസിന്റെ മുകൾഭാഗത്ത് രണ്ട് ലൈറ്റുകൾ കൂടി ഘടിപ്പിച്ചത്. പ്ലാന്റേഷനിലെ തൊഴിലാളികൾക്കും പ്രദേശവാസികൾക്കും അത്യാവശ്യഘട്ടങ്ങളിൽ ആശ്രയമായുള്ള ഏക ആംബുലൻസിനെതിരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ കർശന നടപടി. ആനശല്യം കൂടുതലുള്ള മേഖലകളിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള എംവിഡിയുടെ നടപടിക്കെതിരെ വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. യാത്രാസുരക്ഷ ലക്ഷ്യമാക്കി ചെയ്ത മാറ്റത്തിന് വലിയ തുക പിഴയൊടുക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ടിലാണ് കോർപ്പറേഷൻ അധികൃതർ.