13/06/2026
[fontresizer_tawhidurrahmandear_widget]

അതിതീവ്ര മഴ: കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

 അതിതീവ്ര മഴ: കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇന്ന് ഈ മൂന്ന് ജില്ലകളിലും ഓറഞ്ച് അലേർട്ടാണ് തുടരുന്നത്.

കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരു മാറ്റവുമുണ്ടായിരിക്കില്ല. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് ഈ അവധി ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്തിന് സമീപമായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച വരെ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also read: