ഗോരക്ഷകരെ ജീവപര്യന്തത്തിന് ശിക്ഷിച്ചു; മധ്യപ്രദേശിൽ മുസ്‌ലിം വനിതാ ജഡ്‌ജിക്കെതിരെ വർഗീയ ഭീഷണിയും സൈബർ ആക്രമണവും
നർമ്മദാപുരം: മധ്യപ്രദേശിലെ നർമ്മദാപുരത്ത് ഗോക്കടത്ത് ആരോപിച്ച് മുസ്‌ലിം ട്രക്ക് ഡ്രൈവറെ തല്ലിക്കൊന്ന കേസിൽ 14 ഗോരക്ഷകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വ്യാപക സൈബർ ആക്രമണവും വർഗീയ അധിക്ഷേപവും. കേസിൽ നിർണ്ണായക വിധി പുറപ്പെടുവിച്ച അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജി തബസ്സം ഖാനെതിരെയാണ് ഹിന്ദുത്വ സംഘടനകളുടെയും സ്വയം പ്രഖ്യാപിത ഗോരക്ഷാ ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ ഭീഷണികൾ ഉയരുന്നത്.
2022 ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലാണ് നർമ്മദാപുരത്തിനടുത്ത് വെച്ച് നസീർ അഹമ്മദ് എന്ന ഡ്രൈവർ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഈ കേസിൽ പ്രതികൾ നിയമവിരുദ്ധമായി സംഘം ചേർന്ന് ആസൂത്രിതമായി കൊലപാതകം നടത്തിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ജൂൺ 12-ന് ജഡ്ജി തബസ്സം ഖാൻ 14 പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ചത്.
വിധി വന്നതിന് പിന്നാലെ കോടതിക്ക് പുറത്ത് പ്രതികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് വിധിയെ ഹിന്ദു-മുസ്‌ലിം വിഷയമാക്കി മാറ്റിയ ഹിന്ദുത്വ ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളിൽ ജഡ്ജിക്കെതിരെ വലിയ തോതിൽ അധിക്ഷേപങ്ങൾ അഴിച്ചുവിട്ടു. ജഡ്ജിയുടെ കോലം കത്തിക്കുകയും അവരെ ‘ഹിന്ദു വിരുദ്ധ’ എന്ന് മുദ്രകുത്തുകയും ചെയ്തു. 10 ദിവസത്തിനകം പ്രതികളെ മോചിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്തും രാജ്യത്തുടനീളവും ‘രക്തച്ചൊരിച്ചിൽ’ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു ഹിന്ദുത്വ പ്രവർത്തകൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സുദർശൻ ന്യൂസ് എഡിറ്റർ സുരേഷ് ചവ്ഹങ്കെ ഈ വിധിയെ ‘ജുഡീഷ്യൽ ലിഞ്ചിങ്’ (കോടതി നടത്തുന്ന ആൾക്കൂട്ട കൊലപാതകം) എന്നാണ് വിശേഷിപ്പിച്ചത്.
ജഡ്ജിക്കെതിരായ വർഗീയ അധിക്ഷേപങ്ങളും ഭീഷണികളും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സിയോനി മാൽവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധിക്ഷേപം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. അതിനിടെ, ജഡ്ജിക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. കൊലപാതകം, കലാപം തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനാലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്നും, എന്നാൽ ജഡ്ജി ഒരു മുസ്‌ലിം വനിതയായത് കൊണ്ട് മാത്രമാണ് ഇത്തരം പ്രതിഷേധങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയുടെ ഇന്ത്യയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർ സ്വതന്ത്രരായി നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, വർഗീയ ഭീഷണി മുഴക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് പകരം, ഈ സംഭവങ്ങൾ ജനങ്ങളെ അറിയിച്ച ഒരു സമൂഹമാധ്യമ അക്കൗണ്ടിന് സർക്കാരിന്റെ സൈബർ സെൽ നോട്ടീസ് അയച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നീതി നടപ്പിലാക്കിയ ജഡ്‌ജിക്കെതിരെ ആക്രമണം നടക്കുമ്പോൾ വേട്ടക്കാർക്ക് സർക്കാർ സംരക്ഷണം നൽകുകയാണെന്ന വിമർശനമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.