നീറ്റ് പരീക്ഷാ ക്രമക്കേട്; ടെലഗ്രാം നിരോധിച്ചതിന് കാരണം ‘മുഖമില്ലാത്ത’മാഫിയ?
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് രാജ്യത്ത് ടെലഗ്രാം ആപ്പിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ കാരണം ‘മുഖമില്ലാത്ത’ സംഘങ്ങളുടെ വ്യാജ പ്രചരണം തടയാനെന്ന് റിപ്പോർട്ട്. ടെലഗ്രാമിൽ വ്യക്തിത്വം വെളിപ്പെടുത്താതെ പ്രവൃത്തിക്കുന്ന ലക്ഷക്കണക്കിന് മെമ്പർമാറുള്ള ചാനലുകൾ ഉണ്ട്. ഫോൺ നമ്പർ വെളിപ്പെടുത്താതെ യൂസർ നയിം മാത്രം ഉപയോഗിച്ച് ആർക്കും ടെലഗ്രാമിൽ അക്കൗണ്ടുകൾ ഉണ്ടാക്കാം. ഇത്തരം അക്കൗണ്ടുകളിൽ നിന്ന് ചാനലുകൾ ക്രിയേറ്റും ചെയ്യാം. ഇത്തരത്തിൽ നിർമ്മിക്കുന്ന ചാനലുകളാണ് ക്രിമിനലുകൾ വ്യാജ പ്രചാരണങ്ങൾക്കും ആശങ്ക പരത്താനും ഉപയോഗിക്കുന്നതെന്നാണ് സർക്കാർ നിരീക്ഷണം.
ജൂൺ 21ന് നടക്കുന്ന നീറ്റ് പരീക്ഷയുടെ സുരക്ഷ മുൻനിർത്തി ജൂൺ 22 വരെയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ ജൂൺ 30 വരെ ആപിലെ പഴയ സന്ദേശങ്ങൾ തിരുത്താനുള്ള എഡിറ്റിംഗ് ഫീച്ചറും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾ തടയുന്നതിനാണ് ഈ നടപടി. പരീക്ഷ കഴിഞ്ഞയുടൻ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് യഥാർത്ഥ ചോദ്യപേപ്പർ അതിലേക്ക് ചേർക്കുകയും, പരീക്ഷയ്ക്ക് മുൻപേ ചോദ്യപ്പേപ്പർ ചോർന്നു എന്ന് വരുത്തിത്തീർക്കുകയും ചെയ്യാൻ ടെലഗ്രാമിന്റെ മെസേജ് എഡിറ്റിംഗ് ഫീച്ചർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതായി ദേശീയ പരീക്ഷാ ഏജൻസി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഗ്രൂപ്പുകളുടെ അഡ്മിൻമാർ വ്യാജ തെളിവുകൾ നിർമ്മിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഭയപ്പെടുത്തുന്നത് തടയാനാണ് സർക്കാർ ഈ കർശനമായ നടപടി സ്വീകരിച്ചത്.
എന്നാൽ ഇതേ സാഹചര്യം നിലനിൽക്കുമ്പോഴും വാട്‌സ് ആപ് പോലുള്ള മറ്റ് ജനപ്രിയ ആപുകൾ നിരോധിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ടെലഗ്രാമും വാട്‌സ് ആപും തമ്മിലുള്ള പ്രവർത്തന രീതിയിലെ വലിയ വ്യത്യാസങ്ങളാണ് ഇതിന് കാരണം. വാട്‌സ് ആപിൽ ഒരാൾക്ക് പരമാവധി 1,024 പേരെ മാത്രമേ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ, എന്നാൽ ടെലഗ്രാമിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഒരേസമയം അംഗങ്ങളാകാൻ കഴിയുന്ന വലിയ ചാനലുകളും ഗ്രൂപ്പുകളും നിർമ്മിക്കാൻ സാധിക്കും. ഇത്തരം ചാനലുകളിലൂടെ പരീക്ഷാ മാഫിയകൾക്ക് ഒരേസമയം ലക്ഷക്കണക്കിന് വിദ്യാർത്ഥികളിലേക്ക് വ്യാജ ചോദ്യപേപ്പറുകളും തെറ്റായ വിവരങ്ങളും വളരെ പെട്ടെന്ന് എത്തിക്കാൻ സാധിക്കുന്നു. കൂടാതെ വാട്‌സ് ആപിൽ സന്ദേശങ്ങൾ അയച്ചുകഴിഞ്ഞാൽ പതിനഞ്ച് മിനിറ്റിനുള്ളിൽ മാത്രമേ എഡിറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന കർശനമായ സമയപരിധിയുണ്ട്. എന്നാൽ ടെലഗ്രാമിൽ എപ്പോൾ വേണമെങ്കിലും പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും അതിലെ ഫയലുകൾ മാറ്റാനും സാധിക്കും. ഇത് വഴി തട്ടിപ്പുകാർ വ്യാജ തെളിവുകൾ ഉണ്ടാക്കുന്നു.
ഇത്തരത്തിൽ വലിയൊരു സംഘം തന്നെ ഇതിനു പിന്നിൽ പ്രവൃത്തിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. ഇക്കാരണങ്ങൾ കൊണ്ടാണ് കേന്ദ്ര സർക്കാർ സുരക്ഷാ മുൻകരുതൽ എന്ന രൂപത്തിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. ഇതു കൂടാതെ ടെലഗ്രാമിലൂടെ വലിയ ഫയലുകളും പിഡിഎഫുകളും എളുപ്പത്തിൽ പരസ്യമായി പ്രചരിപ്പിക്കാൻ കഴിയുകയും ചെയ്യുമെന്ന കാരണവും അധികൃതർ ചൂണ്ടിക്കാണിക്കുന്നുണ്ട്.