20/07/2026
[fontresizer_tawhidurrahmandear_widget]

‘ബംഗാളിൽ യൂണിഫോം സിവിൽ കോഡ് വഴി ‘ലൗ ജിഹാദും’ ‘ലാൻഡ് ജിഹാദും’ നിർബന്ധിത മതപരിവർത്തനവും നിരോധിക്കും’;വിവാദ പരാമർശങ്ങളുമായി സുവേന്ദു അധികാരി

 ‘ബംഗാളിൽ യൂണിഫോം സിവിൽ കോഡ് വഴി ‘ലൗ ജിഹാദും’ ‘ലാൻഡ് ജിഹാദും’ നിർബന്ധിത മതപരിവർത്തനവും നിരോധിക്കും’;വിവാദ പരാമർശങ്ങളുമായി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും അതുവഴി സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം, ‘ലൗ ജിഹാദ്’, ‘ലാൻഡ് ജിഹാദ്’ എന്നിവ പൂർണ്ണമായും നിയമവിരുദ്ധമാക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിൽ നടന്ന ഒരു പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഏകീകൃത സിവിൽ കോഡ് സംസ്ഥാനത്ത് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഇതിന്റെ വിശദാംശങ്ങൾ തിങ്കളാഴ്ച നിയമസഭയിൽ അറിയിക്കുമെന്നും, ഗുജറാത്തിലേയും അസമിലേയും സമാനമായ രീതിയിലായിരിക്കും ബംഗാളിലും യു.സി.സി കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം നടന്ന മറ്റൊരു പരിപാടിയിലാണ് ലൗ ജിഹാദും ലാൻഡ് ജിഹാദും തടയാനുള്ള സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. അധികാരത്തിൽ വന്ന് ആറ് മാസത്തിനുള്ളിൽ നിയമം കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാൻ സമയം ബാക്കിയുള്ളതിനാൽ തിടുക്കപ്പെട്ട് ഒരു ബിൽ പാസാക്കുന്നതിന് പകരം വിശദമായ പരിശോധനകൾക്കായി ഒരു വിദഗ്ധ സമിതിയെ രൂപീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഈ സമിതി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും നിയമപരമായ തടസ്സങ്ങൾ മറികടക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്ത ശേഷം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തിയ ശേഷം ഈ വർഷം അവസാനത്തോടെ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

പരമ്പരാഗത സ്വത്തുക്കളിൽ കർശനമായ ലിംഗസമത്വം ഉറപ്പാക്കുക, ബഹുഭാര്യാത്വം നിരോധിക്കുക, മതപരമായ ആചാരങ്ങളുടെ പിൻബലമുണ്ടെങ്കിൽ പോലും ശൈശവ വിവാഹങ്ങൾ അസാധുവാക്കി കുട്ടികൾക്ക് നിയമപരിരക്ഷ നൽകുക എന്നിവയാണ് ബംഗാളിലെ ഏകീകൃത സിവിൽ കോഡിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ലിവിങ് ടുഗെദർ ബന്ധങ്ങൾ ജില്ലാ മജിസ്‌ട്രേറ്റുമാർ മുഖേന രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുമെന്നും, ഇത് പാലിക്കാത്തവർക്ക് ജയിൽ ശിക്ഷ നൽകാൻ വ്യവസ്ഥയുണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുൻ സർക്കാരിന്റെ ലക്ഷ്യങ്ങൾ പ്രീണനവും അഴിമതിയും സ്വജനപക്ഷപാതവും ബംഗാളിനെ പിന്നോട്ട് വലിക്കലും മാത്രമായിരുന്നുവെന്നും, ദേശീയതയും രാജ്യസ്നേഹവും അവരുടെ അജണ്ടയിൽ ഇല്ലായിരുന്നുവെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ ദേശീയതയിലൂന്നിയ ഒരു സർക്കാർ അധികാരത്തിൽ വന്നതിനാൽ എല്ലാം ശരിയായ രീതിയിൽ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബി.ജെ.പിയുടെ നീക്കങ്ങളെയും ഉദ്ദേശ്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. എല്ലാ പൗരന്മാർക്കും സമത്വവും നീതിയും ഉറപ്പാക്കുന്ന ഭരണഘടനാ മൂല്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, സാമൂഹിക ഭിന്നതകൾ രൂക്ഷമാക്കാനും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പി ഏകീകൃത സിവിൽ കോഡിനെ ഉപയോഗിക്കുകയാണോ എന്നാണ് തങ്ങളുടെ ആശങ്കയെന്ന് തൃണമൂൽ പ്രസ്താവനയിൽ പറഞ്ഞു. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിലാണ് രാജ്യത്തിന്റെ കരുത്തെന്നും അവർ ഓർമ്മിപ്പിച്ചു. ഇതിനൊപ്പം സംഘടിത കുറ്റകൃത്യങ്ങളും അഴിമതിയുമായി ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടാനും പരസ്യമായി ലേലം ചെയ്യാനും, ഗുണ്ടാ സംഘങ്ങളെ ദീർഘകാലം കരുതൽ തടങ്കലിൽ വെക്കാനും പോലീസിന് അധികാരം നൽകുന്ന മറ്റൊരു ബില്ലിനെയും മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ എതിർക്കാൻ ഒരുങ്ങുകയാണ്. 1930-കളിലെ ജർമ്മനിയിലെ കുപ്രസിദ്ധമായ നിയമങ്ങളോട് സാമ്യമുള്ള ഇത്തരം ബില്ലുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷവും കോൺഗ്രസ്സും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത തൃണമൂൽ വിഭാഗവും ഈ പുതിയ നിയമനിർമ്മാണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി രംഗത്തുണ്ട്.

Also read: