ആദ്യ ദൗത്യം ബംഗാൾ പിടിക്കുക തന്നെ! പണി തുടങ്ങി നിതിൻ നബിൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണമാറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നീക്കങ്ങൾ ആരംഭിച്ചു. ചുമതലയേറ്റതിന് പിന്നാലെ ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കളുടെയും തെരഞ്ഞെടുപ്പ് ചുമതലയുള്ളവരുടെയും അടിയന്തര യോഗം വിളിച്ചുചേർത്താണ് അദ്ദേഹം തന്റെ മുൻഗണനകൾ വ്യക്തമാക്കിയത്. 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യമിടാനുള്ള വിപുലമായ കർമ്മപദ്ധതിക്കാണ് യോഗം രൂപം നൽകിയത്.
സംസ്ഥാനത്തെ ഭരണപരാജയങ്ങൾ മണ്ഡലാടിസ്ഥാനത്തിൽ ചർച്ചയാക്കാനാണ് ബിജെപി നീക്കം. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിട്ടും ബംഗാളിലെ പ്രതിശീർഷ വരുമാനം രാജ്യത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പാർട്ടി ആരോപിക്കുന്നു. ടിഎംസി സർക്കാരിന്റെ അഴിമതിയും ദുർഭരണവുമാണ് ഇതിന് കാരണമെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താൻ നേതൃത്വം നിർദ്ദേശം നൽകി.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ തകർച്ചയും സ്ത്രീ സുരക്ഷയുമാണ് ബിജെപി പ്രധാന ആയുധമാക്കുന്നത്. ഗ്രാമീണ മേഖലയിലെ ആശുപത്രികളുടെ ശോചനീയാവസ്ഥയും ഡോക്ടർമാരുടെ കുറവും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിന് പുറമെ, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും ക്രമസമാധാന തകർച്ചയും സജീവ ചർച്ചയാക്കും. അതിർത്തി ജില്ലകളിൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന വാഗ്ദാനവും ബിജെപി മുന്നോട്ട് വെക്കുന്നുണ്ട്.
ഓരോ നിയമസഭാ മണ്ഡലത്തിനും പ്രത്യേക കുറ്റപത്രം തയ്യാറാക്കുക എന്നതാണ് യോഗത്തിലെ സുപ്രധാന തീരുമാനം. പ്രാദേശിക എംഎൽഎമാരുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന ഈ രേഖകൾ വീടുകളിൽ എത്തിക്കും. തദ്ദേശീയമായ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘പാൽട്ടാനോ ഡാർക്കർ, ചായീ ബിജെപി സർക്കാർ’ (മാറ്റം അനിവാര്യം, ബിജെപി സർക്കാർ വരണം) എന്ന മുദ്രാവാക്യമുയർത്തി വലിയ പ്രചാരണ പരിപാടികൾക്കാണ് നിതിൻ നബിൻ തുടക്കമിട്ടിരിക്കുന്നത്.