20/07/2026
[fontresizer_tawhidurrahmandear_widget]

ദമ്മാമിൽ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾ മരിച്ചു

 ദമ്മാമിൽ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾ മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

ദമ്മാമിൽ ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന സജീമിന്റെ കാറിലേക്ക് സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചുകയറുകയായിരുന്നു. ശ്രീലേഷ് ഇവിടുത്തെ ജീവനക്കാരനാണ്. റാസ്തന്നൂറയിൽ നിന്ന് ദമ്മാമിലേക്ക് വരികയായിരുന്ന ഇവരുടെ കാർ, ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. പൂർണമായും തകർന്ന കാറിൽ നിന്ന് പോലീസാണ് ഇരുവരെയും പുറത്തെടുത്തത്. സജീം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി വൈകിയിട്ടും കാണാത്തതിനെ തുടർന്ന് പുലർച്ചെ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഖത്വീഫ് പോലീസിൽ നിന്നും വിവരമറിയുന്നത്.

മരിച്ച ശ്രീലേഷിന്റെ സഹോദരൻ ശ്രീരാഗ് അഞ്ച് വർഷം മുൻപ് ഇതേ ദിവസമാണ് മരണപ്പെട്ടത്. അനുജന്റെ ചരമവാർഷിക ദിനത്തിൽത്തന്നെ ശ്രീലേഷും വിടപറഞ്ഞത് ലക്ഷ്മണൻ-കനകലത ദമ്പതികളുടെ കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായി. നിയമനടപടികൾ പൂർത്തിയാക്കി ശ്രീലേഷിന്റെ മൃതദേഹം അടുത്ത ദിവസം തന്നെ നാട്ടിലേക്ക് കൊണ്ടുപോകും.

മണോലി വീട്ടിൽ സജീമിന്റെ മൃതദേഹം ദമ്മാമിൽത്തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനായി ഭാര്യ റുഹാലത്ത്, മക്കളായ ആദിൽ, ഹുസൈൻ, അമൽ എന്നിവരടങ്ങുന്ന കുടുംബത്തെ ദമ്മാമിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ്. സാമൂഹികപ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടികൾ നടന്നുവരുന്നു.

Also read: