23/07/2026
[fontresizer_tawhidurrahmandear_widget]

പൂളിലേക്ക് പത്തടി ഉയരത്തിൽ നിന്ന് ഡൈവ്; തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

 പൂളിലേക്ക് പത്തടി ഉയരത്തിൽ നിന്ന് ഡൈവ്; തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഡൈവ് ചെയ്യുന്നതിനിടെ തലയിടിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. കോൽഹാപൂർ സ്വദേശിയായ ശ്രീനിക് മിലിന്ദ് തക്കാലേയാണ് മരിച്ചത്. സിന്ധുദുർഗിലെ മാൽവനിലുള്ള പ്രമുഖ റിസോർട്ടിൽ ഇക്കഴിഞ്ഞ ജൂൺ 20-നായിരുന്നു അപകടം നടന്നത്.

സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു ശ്രീനിക്. സംഘത്തിലെ ഒരു വിഭാഗം ആളുകൾ മുറിയിലായിരുന്ന സമയത്ത് മറ്റുള്ളവർ പൂളിൽ സമയം ചെലവഴിക്കുകയായിരുന്നു. ഇതിനിടയിൽ പത്തടി ഉയരത്തിൽ നിന്നും ശ്രീനിക് കുട്ടികളുടെ പൂളിലേക്ക് ഡൈവ് ചെയ്യുകയായിരുന്നു. എന്നാൽ നാലടി മാത്രം ആഴമുണ്ടായിരുന്ന പൂളിന്റെ അടിത്തട്ടിലേക്ക് തല ശക്തമായി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് യുവാവിന്റെ പിതാവും ബന്ധുക്കളും രാത്രിയോടെ തന്നെ റിസോർട്ടിൽ എത്തിയിരുന്നു. സംഭവത്തിൽ പൊലീസ് നിയമപരമായ നടപടികൾ പൂർത്തിയാക്കി അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Also read: