23/07/2026
[fontresizer_tawhidurrahmandear_widget]

‘കാനഡയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്’; ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ

 ‘കാനഡയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്’; ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ

ന്യൂഡൽഹി: കാനഡയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മീഷണർ ക്രിസ് കൂട്ടർ. കാനഡ വിദേശ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളെക്കുറിച്ച് ഇന്ത്യയിൽ വലിയ രീതിയിലുള്ള തെറ്റിദ്ധാരണകളും ആശങ്കകളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ നിർണായക പ്രതികരണം നടത്തിയത്. തങ്ങളുടെ വാതിലുകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി അടച്ചിട്ടില്ലെന്നും വിസ അനുവദിക്കുന്നതിനുള്ള വാർഷിക പരിധിയായ ‘ക്യാപ്’ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. അതിനാൽ തന്നെ വിസക്കുള്ള മത്സര സാധ്യത കുറവായ ഈ സമയത്ത് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് കനേഡിയൻ ദൂതൻ ഓർമ്മിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാനഡയിലുണ്ടായ ഭവനക്ഷാമം പരിഹരിക്കുന്നതിനും നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണ നിയമങ്ങൾ കൊണ്ടുവന്നത്. എന്നാൽ ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ കാനഡ വിസ നിർത്തലാക്കി എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് കാരണമായിരുന്നു. നിലവിൽ 2026 വർഷത്തിൽ ഏകദേശം 4,08,000 സ്റ്റഡി പെർമിറ്റുകളാണ് കാനഡ ലക്ഷ്യമിടുന്നത്, എന്നാൽ ഇതുവരെ ലഭിച്ച അപേക്ഷകൾ ഈ പരിധിയേക്കാൾ വളരെ താഴെയാണ്. ഇതിൽ 1,55,000 പെർമിറ്റുകൾ പുതിയ വിദ്യാർത്ഥികൾക്കായും ബാക്കി പുതുക്കലിനായുമാണ് നീക്കിവെച്ചിരിക്കുന്നത്. കൂടാതെ പബ്ലിക് സർവ്വകലാശാലകളിൽ മാസ്‌റ്റേഴ്‌സ്, പിഎച്ച്ഡി കോഴ്‌സുകൾക്ക് ചേരുന്ന വിദ്യാർത്ഥികളെ പ്രൊവിൻഷ്യൽ അറ്റസ്‌റ്റേഷൻ ലെറ്റർ നിബന്ധനകളിൽ നിന്നും ഈ വാർഷിക പരിധിയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുമുണ്ട്.

ഇന്ത്യൻ വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും വിസ ലഭിക്കുന്നതിലുണ്ടാകുന്ന താമസം ഒഴിവാക്കാൻ വിസ പ്രോസസിങ് സംവിധാനം കൂടുതൽ വേഗത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കമ്മീഷണർ അറിയിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സമീപകാലത്തെ ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെയാണ് വിസ നടപടികൾ കൂടുതൽ ലളിതമാക്കാൻ രാജ്യം സജീവമായി ഇടപെടുന്നത്.

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലവസരങ്ങളും കാനഡ ഇപ്പഴും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും നിലവിൽ വിദേശ വിദ്യാർത്ഥികളിൽ 42 ശതമാനത്തിലധികം പേരും ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാനഡയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കണമെന്നും, ആദ്യവർഷ ട്യൂഷൻ ഫീസിന് പുറമെ താമസ ചെലവുകൾക്കായി 22,895 കനേഡിയൻ ഡോളറിന്റെ ജിഐസി ഡെപ്പോസിറ്റ് കരുതണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

Also read: