‘നീറ്റ് പേപ്പർ ചോർച്ചയിൽ വമ്പൻ സ്രാവുകളെ രക്ഷപ്പെടുത്തുന്നു’; വെളിപ്പെടുത്തലുമായി പിടിയിലായ ബിജെപി നേതാവ് ദിനേഷ് ബിൻവാൾ
ജയ്പൂർ: നീറ്റ് യു.ജി 2026 പരീക്ഷാ പേപ്പർ ചോർച്ചാ കേസിൽ ഉന്നത വ്യക്തികൾക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് ദിനേഷ് ബിൻവാൾ. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ദിനേഷ് ബിൻവാളിനും സഹോദരൻ മംഗിലാലിനെയും കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പുറമെ രണ്ട് കുടുംബാഗങ്ങളും കൂടി പിടിയിലായതായി റിപ്പോർട്ടുണ്ട്. 30 ലക്ഷം രൂപ നൽകിയാണ് ഇവർ ചോദ്യപേപ്പർ വാങ്ങിയതെന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡോക്ടറിൽനിന്നാണ് പ്രതികൾ ചോദ്യപേപ്പർ കൈക്കലാക്കിയതെന്ന് സിബിഐ അറിയിച്ചു. മംഗിലാൽ ബിവാലിന്റെ മകന് വേണ്ടിയാണ് പ്രധാനമായും ഈ ഇടപാട് നടത്തിയത്. എന്നാൽ, കേവലം ഒരാൾക്ക് വേണ്ടി മാത്രമല്ല, ഏകദേശം 700ഓളം വിദ്യാർത്ഥികൾക്ക് ഈ ചോർന്ന ചോദ്യപേപ്പറിന്റെ ആനുകൂല്യം ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ശൃംഖലയിൽ ഇടനിലക്കാരനായി പ്രവർത്തിച്ച രാകേഷ് കുമാർ മണ്ഡ്വാരിയ എന്നയാളെയും സിബിഐ നേരത്തെ പിടികൂടിയിരുന്നു.
എന്നാൽ ഇന്ന് അന്യേഷണത്തിന്റെ ഭാഗമായി കൊണ്ടുപോവുന്നതിനിടെയ മാധ്യമങ്ങളോട് ഇതിനു പിന്നിൽ പ്രവർത്തിച്ച ഉന്നതന്മാരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് പ്രതികളിൽ ഒരാൾ ആരോപിച്ചതോടെ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ റദ്ദാക്കിയിരുന്നു. രാജ്യത്തെ 22 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിച്ച ഈ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം സിബിഐക്ക് വിട്ടത്. രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വലിയൊരു മാഫിയ തന്നെ ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് സൂചന.
കോച്ചിംഗ് സെന്ററുകൾ വഴിയും രഹസ്യ ആപ്പുകൾ വഴിയും ചോദ്യപേപ്പർ കൈമാറിയ ശൃംഖലയെ കണ്ടെത്താൻ സിബിഐ ഊർജിതമായ നീക്കം നടത്തുകയാണ്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചയുടെ ഉത്തരവാദിത്തം എൻടിഎ ഏറ്റെടുത്തിട്ടുണ്ടെങ്കിലും, രാഷ്ട്രീയ ബന്ധമുള്ളവർ അറസ്റ്റിലായതോടെ വരും ദിവസങ്ങളിൽ കേസ് വലിയ രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിമാറുമെന്ന് ഉറപ്പായിരിക്കുകയാണ്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി പുതിയ പരീക്ഷാ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു