തളിപ്പറമ്പിലെ തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഎം
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലുണ്ടായ പരാജയത്തിന് പിന്നാലെ പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ച പ്രാദേശിക നേതാക്കൾക്കെതിരെ കർശന നടപടിയുമായി സിപിഎം നേതൃത്വം.
കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി. പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെയാണ് പാർട്ടി ഇപ്പോൾ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. നടപടിയുടെ ഭാഗമായി കെ.പി. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുകയും, ഷൈജുവിനെ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും മുതിർന്ന നേതാവ് ജയിംസ് മാത്യുവിനെയും വിമർശിച്ചുകൊണ്ട് കെ.പി. പ്രകാശൻ നേരത്തെ ഫേസ്ബുക്കിൽ കമന്റിട്ടിരുന്നു. പാർട്ടിയുടെ അച്ചടക്കം ലംഘിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് ഇരുവർക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ നേതൃത്വം തയ്യാറായത്.