‘ഒന്നുകിൽ രാജി, അല്ലെങ്കിൽ അവധിയെടുക്കണം’; കള്ളൻ വിജയൻ ലേഖന വിവാദത്തിൽ കെ.ആർ. അജയനെതിരെ ദേശാഭിമാനി
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത നടപടിയുമായി മാനേജ്മെന്റ്. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയനോട് ഒന്നുകിൽ രാജി വെക്കാനും അല്ലെങ്കിൽ അവധിയിൽ പ്രവേശിക്കാനും വാക്കാൽ നിർദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് ഈ കർശന നിർദേശം നൽകിയത്.
വിവാദത്തെത്തുടർന്ന് അജയനെ നേരത്തെ തന്നെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. സംഭവത്തിൽ അദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ഇപ്പോൾ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നത്. നേരത്തെ പാർട്ടി നേതൃത്വം വിശദീകരണം തേടിയപ്പോൾ ഫീച്ചറിന്റെ തലക്കെട്ടിൽ അപാകതകളില്ലെന്ന നിലപാടായിരുന്നു കെ.ആർ. അജയൻ സ്വീകരിച്ചിരുന്നത്. ഇതിനുപിന്നാലെ വാരാന്തപ്പതിപ്പ് എഡിറ്ററുടെ മുറി പൂട്ടിയിട്ടതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ തയ്യാറാക്കിയ വി.എസ്. അനുസ്മരണമുള്ള ജൂലൈ മൂന്നാം വാരത്തിലെ വാരാന്തപ്പതിപ്പിലാണ് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്ന പേരിലുള്ള ഫീച്ചർ ഉൾപ്പെടുത്തിയിരുന്നത്. ഈ ഫീച്ചർ അച്ചടിച്ചുവന്നതിനെത്തുടർന്ന് അന്ന് ഞായറാഴ്ച പത്രത്തിനൊപ്പം വാരാന്തപ്പതിപ്പ് വിതരണം ചെയ്തിരുന്നില്ല. സംഭവം വിവാദമായതോടെ, ഒരു യൂണിറ്റിൽ അച്ചടിക്കാൻ കഴിയാത്തതിനാലാണ് വിതരണം മുടങ്ങിയതെന്ന വിശദീകരണവുമായി റസിഡന്റ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം. സ്വരാജ് രംഗത്തെത്തിയിരുന്നു.
പിന്നീട് തിങ്കളാഴ്ചത്തെ പത്രത്തിനൊപ്പമാണ് വാരാന്തപ്പതിപ്പ് വരിക്കാരിൽ എത്തിയത്. എന്നാൽ ഇതിൽ നിന്നും വിവാദമായ ഫീച്ചർ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ, ഒഴിവാക്കപ്പെട്ട ഈ ഫീച്ചർ ലേഖകനായ ടി.സി. രാജേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ ഈ വിഷയത്തിലെ അതൃപ്തിയാണ് കെ.ആർ. അജയനെതിരായ പുതിയ നടപടിയിലേക്ക് നയിച്ചിരിക്കുന്നത്.