23/07/2026
[fontresizer_tawhidurrahmandear_widget]

ദേശീയപാതയിൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചു; ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട പോലീസ് പിടിയിൽ

 ദേശീയപാതയിൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചു; ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട പോലീസ് പിടിയിൽ

കാസർകോട്: ദേശീയപാതയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ പോലീസ് പിടികൂടി. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ എസ്.ആർ. ധന്യയെയാണ് കാസർകോട് പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

ദേശീയപാത 66-ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് പരിശോധനയ്ക്കായി അടുത്തേക്ക് ചെന്നെങ്കിലും, ഇവർ അമിതവേഗത്തിൽ വാഹനം ഓടിച്ചുപോവുകയായിരുന്നു. സംശയം തോന്നിയ പോലീസ് സംഘം ഇവരെ പിന്തുടർന്നു. ഒടുവിൽ ബന്ദിയോടിനടുത്തുള്ള ഭഗവതിനഗറിൽ വെച്ചാണ് ധന്യയുടെ വാഹനം പോലീസിന് തടഞ്ഞുനിർത്താനായത്.

തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് വാഹനം ഓടിച്ചിരുന്ന ധന്യ മദ്യപിച്ചിരുന്നതായി പോലീസിന് മനസ്സിലായത്. ബ്രെത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മെഷീനിൽ 86 എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് എഫ്.ഐ.ആറിലുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ഈടാക്കിയ ശേഷം പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

Also read: