30/07/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി മാറുന്നു; ഇനി നീലയ്ക്ക് പകരം കാവി; നടപടിയിൽ രൂക്ഷവിമർശനവുമായി മുൻ താരം

 ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി മാറുന്നു; ഇനി നീലയ്ക്ക് പകരം കാവി; നടപടിയിൽ രൂക്ഷവിമർശനവുമായി മുൻ താരം

മുംബൈ: 2026-ലെ ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പരമ്പരാഗതമായ നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വിരേൻ റസ്ക്വിഞ്ഞ. പതിറ്റാണ്ടുകളായുള്ള ഇന്ത്യൻ ഹോക്കിയുടെ സ്വത്വവും പാരമ്പര്യവും തകർക്കുന്നതാണ് ഈ തീരുമാനമെന്നും ഇത് തികച്ചും അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

അർജൻ്റീന ഫുട്ബോൾ ടീം അവരുടെ ഐക്കണിക് ജേഴ്‌സിയുടെ നിറം എപ്പോഴെങ്കിലും മാറ്റുമോ എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം ഹോക്കി ഇന്ത്യയുടെ ഈ നീക്കത്തെ ചോദ്യം ചെയ്തത്. ദീർഘകാലമായി ഇന്ത്യൻ ഹോക്കിയുടെ അടയാളവും പൈതൃകവും നീല നിറമാണെന്നും, വർഷങ്ങളോളം ആ നീല ജേഴ്‌സി അഭിമാനത്തോടെയാണ് താൻ അണിഞ്ഞിരുന്നതെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ആരാധകർ എപ്പോഴും ഇന്ത്യൻ ടീമിനെ നീല നിറത്തിൽ കാണാനാണ് ആഗ്രഹിക്കുന്നതെന്നും, ഹോക്കി ഇന്ത്യ മുൻപ് പല മികച്ച കാര്യങ്ങളും ചെയ്‌തിട്ടുണ്ടെങ്കിലും ഈ പുതിയ തീരുമാനം കടുത്ത നിരാശയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2001-ൽ ജൂനിയർ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു വിരേൻ റസ്ക്വിഞ്ഞ. തൻ്റെ തലമുറയിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി അറിയപ്പെടുന്ന അദ്ദേഹം, 2004-ലെ ഏതൻസ് ഒളിമ്പിക്‌സിലും 2006-ലെ ലോകകപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതേസമയം, ധൈര്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമായാണ് ജേഴ്സിയിൽ ഈ പുതിയ മാറ്റം കൊണ്ടുവന്നതെന്നാണ് ഹോക്കി ഇന്ത്യ നൽകുന്ന ഔദ്യോഗിക വിശദീകരണം. കാവി നിറം ധീരത, ത്യാഗം, വിജയം എന്നിവയെയാണ് സൂചിപ്പിക്കുന്നതെന്നും, ഇന്ത്യൻ ദേശീയ പതാകയിൽ നിന്നും ഉദയസൂര്യനിൽ നിന്നുമാണ് ഇതിനുള്ള പ്രചോദനം ഉൾക്കൊണ്ടതെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ലോകകപ്പിൽ പുരുഷ-വനിതാ ടീമുകൾ ഈ പുതിയ കാവി ജേഴ്സിയിലാകും കളത്തിലിറങ്ങുക.

Also read: