04/08/2026
[fontresizer_tawhidurrahmandear_widget]

‘ആരാണ് ഇതിന് അനുമതി നൽകിയത്? കാവിയാക്കിയ വിവരം അറിഞ്ഞത് വാട്‌സാപ്പിലൂടെ’; നിറം മാറ്റത്തിൽ വിശദീകരണം തേടി ഹോക്കി ഇന്ത്യ പ്രസിഡന്റ്

 ‘ആരാണ് ഇതിന് അനുമതി നൽകിയത്? കാവിയാക്കിയ വിവരം അറിഞ്ഞത് വാട്‌സാപ്പിലൂടെ’; നിറം മാറ്റത്തിൽ വിശദീകരണം തേടി ഹോക്കി ഇന്ത്യ പ്രസിഡന്റ്

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ ഔദ്യോഗിക ജേഴ്‌സിയുടെ നിറം നീലയിൽ നിന്നും കാവിയാക്കി മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം ഹോക്കി ഇന്ത്യയ്ക്കുള്ളിൽ രൂക്ഷമായ ഭരണപ്രതിസന്ധിക്ക് വഴിവെക്കുന്നു. കേവലമൊരു നിറംമാറ്റം എന്നതിലുപരി, സംഘടനയ്ക്കുള്ളിലെ സുതാര്യതയില്ലായ്മയും അധികാര തർക്കങ്ങളും തുറന്നുകാട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ. വിഷയത്തിൽ ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ നായകനുമായ ദിലീപ് ടിർക്കി ഫെഡറേഷൻ ഡയറക്‌ടർ ജനറൽ (ഡി.ജി) സി.ഡി.ആർ ആർ.കെ. ശ്രീവാസ്‌തവയോട് രേഖാമൂലം വിശദീകരണം തേടി.

ജേഴ്‌സിയുടെ നിറം മാറ്റാൻ തീരുമാനിച്ചതിന് പിന്നിലെ നടപടിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച ടിർക്കി, കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 4 ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ മറുപടി നൽകണമെന്ന് ഡി.ജിക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. ഒളിമ്പ്യന്മാരും മുൻ രാജ്യാന്തര താരങ്ങളും ഉൾപ്പെടുന്ന ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ബോർഡിനെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് ഇത്രയും സുപ്രധാനമായ ഒരു തീരുമാനമെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജൂലൈ 27-ന് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ജേഴ്സി പുറത്തിറക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ഒരു വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ താൻ ഈ വിവരമറിയുന്നതെന്നും കത്തിൽ ടിർക്കി വെളിപ്പെടുത്തിയിട്ടുണ്ട്.

ഭരണപരമായ ചുമതലകൾ ഉണ്ടെന്നതുകൊണ്ട് ഫെഡറേഷൻ്റെ എക്സിക്യൂട്ടീവ് ബോർഡിന്റെയോ പ്രസിഡന്റിന്റെയോ അധികാരത്തെ മറികടക്കാൻ ഡയറക്‌ടർ ജനറലിന് കഴിയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം ‘ദൈനംദിന തീരുമാനങ്ങൾ’ എക്സിക്യൂട്ടീവ് ബോർഡിൻ്റെ മുന്നിൽ കൊണ്ടുവരേണ്ടതില്ലെന്ന ഡി.ജിയുടെ മുൻ മറുപടിയെ ടിർക്കി പൂർണ്ണമായും തള്ളിക്കളഞ്ഞു. തങ്ങൾ ആരും ഇന്ത്യൻ ഹോക്കിയുടെ ഉടമസ്ഥരല്ലെന്നും, മറിച്ച് ഒരു ദേശീയ കായിക പാരമ്പര്യത്തിന്റെ സംരക്ഷകർ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഹോക്കിയുടെ ഏറ്റവും വലിയ പ്രതീകങ്ങളിലൊന്നായ നീല ജേഴ്സി മാറ്റുമ്പോൾ ഉയർന്ന തലത്തിലുള്ള ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

പുതിയ മാറ്റത്തിൽ സുപ്രധാനമായ പല ചോദ്യങ്ങളും ഹോക്കി ഇന്ത്യ പ്രസിഡന്റ് ഉന്നയിച്ചിട്ടുണ്ട്. എന്ത് അധികാരത്തിൻ്റെയോ പ്രതിനിധാനത്തിൻ്റെയോ അടിസ്ഥാനത്തിലാണ് നീല ജേഴ്സി മാറ്റാൻ തീരുമാനിച്ചതെന്നും, ഓഗസ്റ്റ് 15-ന് നെതർലൻഡ്‌സിലും ബെൽജിയത്തിലുമായി ലോകകപ്പ് തുടങ്ങാനിരിക്കെ ഈ പുതിയ ജേഴ്സി താരങ്ങളുടെ മാനസിക ഏകാഗ്രതയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. പരിശീലകർ, സ്പോർട്‌സ് സയൻസ് ടീം തുടങ്ങിയവർ ഈ സമയത്തെ മാറ്റത്തെക്കുറിച്ച് രേഖാമൂലം എന്തെങ്കിലും നിർദേശം നൽകിയിരുന്നോയെന്നും, പ്രധാന സ്പോൺസർമാരായ ഒഡിഷ സർക്കാരിനോട് ഇതിനായി അനുമതി തേടിയിരുന്നോയെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിന് പുറമെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഉപയോഗിക്കുന്നതിന് മുമ്പ് പുതിയ കിറ്റിൻ്റെ ഗുണനിലവാരം പരിശോധിച്ചിരുന്നോ എന്നും, കളിക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ പകരമുള്ള സംവിധാനം എന്താണെന്നും അദ്ദേഹം കത്തിൽ ചോദിച്ചിട്ടുണ്ട്.

നിലവിൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾ നടക്കുന്നത് നീല നിറത്തിലുള്ള സിന്തറ്റിക് പിച്ചുകളിലാണ്. ഇന്ത്യൻ കളിക്കാർ നീല ജേഴ്‌സി ധരിക്കുമ്പോൾ അത് പിച്ചിൻ്റെ നിറവുമായി കലർന്നുപോകുന്നതായും, ഇത് ഫീൽഡിലെ വ്യക്തതയെ ബാധിക്കുന്നതിനാലാണ് പ്രകടനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കാവി നിറത്തിലേക്ക് മാറിയതെന്നുമായിരുന്നു ഡി.ജിയുടെ വിശദീകരണം. എന്നാൽ ഈ വാദത്തെയും ദിലീപ് ടിർക്കി ചോദ്യം ചെയ്തു‌. ഉയർന്ന പ്രകടനത്തെക്കുറിച്ചും അന്താരാഷ്ട്ര മത്സരങ്ങളിലെ സമ്മർദ്ദത്തെക്കുറിച്ചും കൃത്യമായ ബോധ്യമുള്ള മുൻ താരങ്ങളാണ് എക്സിക്യൂട്ടീവ് ബോർഡിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് പോലെ സുപ്രധാനമായ ഒരു ടൂർണമെൻറിന് തൊട്ടുമുമ്പ് പ്രകടനം മെച്ചപ്പെടുത്താനെന്ന പേരിൽ എടുക്കുന്ന തീരുമാനങ്ങൾ താരങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പാടില്ലാത്തതാണെന്നും ടിർക്കി വ്യക്തമാക്കി.

മുൻ നായകന്മാരും ഒളിമ്പിക് മെഡൽ ജേതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ ഇതിനോടകം തന്നെ നീല ജേഴ്സി ഒഴിവാക്കി കാവി നിറം കൊണ്ടുവന്നതിലെ യുക്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഡി.ജി നൽകുന്ന വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിലാകും ഹോക്കി ഇന്ത്യയിലെ തുടർന്നുള്ള ഭരണപരമായ നടപടികൾ സ്വീകരിക്കുക.

Also read: