04/08/2026
[fontresizer_tawhidurrahmandear_widget]

‘മോദി ഏറ്റവും വലിയ സുഹൃത്ത്, ഇസ്രായേൽ ഒരിക്കലും ഒറ്റപ്പെട്ടിട്ടില്ല, ഒപ്പം 140 കോടി ജനങ്ങളുള്ള ഇന്ത്യയുണ്ട്’; തുറന്നുപറഞ്ഞ് നെതന്യാഹു

 ‘മോദി ഏറ്റവും വലിയ സുഹൃത്ത്, ഇസ്രായേൽ ഒരിക്കലും ഒറ്റപ്പെട്ടിട്ടില്ല, ഒപ്പം 140 കോടി ജനങ്ങളുള്ള ഇന്ത്യയുണ്ട്’; തുറന്നുപറഞ്ഞ് നെതന്യാഹു

തെൽ അവീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തങ്ങളുടെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളായി വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇസ്രയേൽ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ഇതിനായി വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച പുറത്തിറങ്ങിയ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ സംസാരിക്കവെയാണ് നെതന്യാഹു ഈ സുപ്രധാന പ്രതികരണം നടത്തിയത്. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശക്തമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, പുതിയ സഖ്യങ്ങൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് തന്റെ സുഹൃത്തായ നരേന്ദ്ര മോദിയുടെ രാജ്യമായ ഇന്ത്യയുമായുള്ള ബന്ധത്തിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നതെന്ന് വിശദീകരിച്ചു.

അന്താരാഷ്ട്ര തലത്തിൽ ഇസ്രയേൽ ഒറ്റപ്പെടുന്നുവെന്ന വാദങ്ങളെ നെതന്യാഹു ശക്തമായി തള്ളിക്കളഞ്ഞു. ഇസ്രായേൽ ഒറ്റപ്പെട്ടുവെന്ന് ചിലർ പറയുന്നുണ്ടെങ്കിലും, ഇന്ത്യയിൽ നിന്ന് തനിക്കും തന്റെ രാജ്യത്തിനും ലഭിക്കുന്ന പിന്തുണ അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഇസ്രയേലിന് അവശേഷിക്കുന്ന ഏക ശക്തനായ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന് യു.എസ് ഉപരാഷ്ട്രപതി ജെ.ഡി വാൻസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇസ്രയേൽ മന്ത്രിസഭയിലായിരുന്നു താനെങ്കിൽ, ലോകത്ത് തനിക്കുള്ള ഏക സഖ്യകക്ഷിയെ ആക്രമിക്കില്ലായിരുന്നു എന്നാണ് വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ വാൻസ് പറഞ്ഞത്.

ഇതിന് പരോക്ഷ മറുപടിയായി, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു ഇന്ത്യയുടെ പിന്തുണ എടുത്തുകാണിച്ചിരുന്നു. 140 കോടി ജനങ്ങളുള്ള ഇന്ത്യ എന്നൊരു സുഹൃത്ത് തങ്ങൾക്കുണ്ടെന്നും, അവിടെ നിന്ന് തങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യക്കാരിൽ നിന്ന് ഇസ്രായേലിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദിയും നെതന്യാഹുവും തമ്മിൽ അടുത്ത വ്യക്തിപരമായ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ഈ വർഷം ആദ്യം മോദിയെ തന്റെ വ്യക്തിപരമായ സുഹൃത്തെന്ന് വിളിച്ച നെതന്യാഹു, ഇന്ത്യയെ ഒരു ആഗോള ശക്തിയെന്നും വിശേഷിപ്പിച്ചിരുന്നു. ഈ വർഷം ഇസ്രയേലിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി മോദി, ഇന്ത്യ പൂർണ്ണ ബോധ്യത്തോടെ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വലിയ യുദ്ധത്തിലേക്ക് വഴിമാറുന്നതിന് തൊട്ടുമുൻപായിരുന്നു മോദിയുടെ ഈ സന്ദർശനം.

ഇതേ പോഡ്‌കാസ്റ്റിൽ ഗസ്സയിലെ തങ്ങളുടെ നിലപാടിനെ ന്യായീകരിച്ച നെതന്യാഹു, അവിടുത്തെ സാഹചര്യത്തെ ഉത്തര കൊറിയയോട് ഉപമിച്ചു. ലോകത്ത് ജനങ്ങൾക്ക് പുറത്തുപോകാൻ സാധിക്കാത്ത രണ്ട് സ്ഥലങ്ങൾ മാത്രമേയുള്ളൂവെന്നും അത് ഗസ്സയും ഉത്തര കൊറിയയുമാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ നിന്നുള്ളവരെ മറ്റ് രാജ്യങ്ങൾ സ്വീകരിക്കാൻ തയ്യാറാകാത്തതിനാലാണ് അവിടുത്തെ ജനങ്ങൾക്ക് പുറത്തുപോകാൻ കഴിയാത്തതെന്ന് അദ്ദേഹം വാദിച്ചു.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ലഭിക്കുന്ന സഞ്ചാര സ്വാതന്ത്ര്യമെന്ന അടിസ്ഥാന അവകാശം എന്തുകൊണ്ട് അവർക്കും ലഭിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇതിന് പുറമെ, വിദേശ സൈനിക സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇസ്രയേൽ സ്വന്തമായി അത്യാധുനിക ആളില്ലാ വിമാനങ്ങളും സ്റ്റെൽത്ത് വിമാനങ്ങളും വികസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും നെതന്യാഹു അഭിമുഖത്തിൽ വെളിപ്പെടുത്തി.

Also read: