04/08/2026
[fontresizer_tawhidurrahmandear_widget]

കിഴക്കൻ ജെറുസലേമിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ഇസ്രയേലി കുടിയേറ്റക്കാരുടെ ആക്രമണം; കൂട്ടമായി തുപ്പുകയും കല്ലെറിയുകയും ചെയ്തു

 കിഴക്കൻ ജെറുസലേമിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ഇസ്രയേലി കുടിയേറ്റക്കാരുടെ ആക്രമണം; കൂട്ടമായി തുപ്പുകയും കല്ലെറിയുകയും ചെയ്തു

ജെറുസലേം: കിഴക്കൻ ജെറുസലേമിലെ പഴയ നഗരത്തിലുള്ള അർമേനിയൻ ക്രിസ്ത്യൻ പള്ളിക്കുനേരെ ഇസ്രയേലി കുടിയേറ്റക്കാരുടെ വ്യാപക ആക്രമണം. ഒരു കൂട്ടം ആളുകൾ പള്ളിയുടെ കവാടത്തിന് നേർക്ക് കൂട്ടമായി തുപ്പുകയും കല്ലെറിയുകയും ചെയ്തതായി ഫലസ്തീന്റെ ജെറുസലേം ഗവർണറേറ്റ് അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും ഗവർണറേറ്റ് പുറത്തുവിട്ടിട്ടുണ്ട്. അക്രമികൾ കൂട്ടത്തോടെ പള്ളിക്ക് നേരെ തുപ്പുന്നതും കല്ലെറിയുന്നതും ഈ വീഡിയോയിൽ വ്യക്തമായി കാണാം.

ജെറുസലേമിലെ ക്രൈസ്തവ ദേവാലയങ്ങൾക്കും പുണ്യസ്ഥലങ്ങൾക്കും നേരെ സമീപകാലത്തായി തുടരുന്ന അക്രമ പരമ്പരകളുടെ തുടർച്ചയാണ് ഈ സംഭവമെന്ന് ഗവർണറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ജെറുസലേമിലെ പഴയ നഗരത്തിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ഇസ്രയേൽ കുടിയേറ്റക്കാർ കൂട്ടമായി തുപ്പുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഈ വർഷം മാത്രം ഇസ്രയേൽ സൈനികരും കുടിയേറ്റക്കാരും ചേർന്ന് ജെറുസലേമിൽ നടത്തിയ അൻപതോളം ആക്രമണങ്ങളുടെ വിവരങ്ങൾ ഫലസ്തീന്റെ ചർച്ച് അഫയേഴ്‌സ് ഹയർ പ്രസിഡൻഷ്യൽ കമ്മിറ്റി ശേഖരിച്ച് പുറത്തുവിട്ടിട്ടുണ്ട്. പുരോഹിതർക്കും വിശ്വാസികൾക്കും എതിരായ ഇത്തരം അക്രമങ്ങൾ വർധിക്കുന്നതിനെതിരെ കമ്മിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി അനഡോലു ഏജൻസിയും റിപ്പോർട്ട് ചെയ്തു.

2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രയേൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജെറുസലേമിലും ഫലസ്തീനികൾക്കും ക്രൈസ്തവർക്കും നേരെയുള്ള അതിക്രമങ്ങൾ വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. ഇസ്രയേൽ കുടിയേറ്റക്കാരുടെ നിരന്തരമായ ആക്രമണങ്ങൾ ഭയന്ന് വെസ്റ്റ് ബാങ്കിലെ ക്രൈസ്തവർ തങ്ങളുടെ ഒലിവ് കൃഷി ചെയ്യാൻ പോലും മടിക്കുന്ന അവസ്ഥയിലാണെന്ന് ക്രൈസ്തവ പുരോഹിതനായ ഫാദർ ബാഷർ ഫവാദ്‌ലെ വെളിപ്പെടുത്തി.

അതേസമയം, ഫലസ്തീനിലെ ക്രൈസ്തവർ നേരിടുന്ന ഈ ദുരവസ്ഥയെ അമേരിക്കയിലെ ക്രിസ്ത്യൻ സയണിസ്റ്റുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഫലസ്തീൻ ക്രൈസ്തവ നേതാവും ബെത്ലഹേം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് ജസ്റ്റിസ് ഡയറക്ടറുമായ ഫാദർ മുന്തെർ ഐസക് കുറ്റപ്പെടുത്തി. ജെറുസലേമിൽ ക്രൈസ്തവർ ദിനംപ്രതി ആക്രമണങ്ങൾ നേരിടുകയാണെന്ന് സി.എൻ.എന്നിനോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ ജൂത മതസ്ഥരുടേതാണെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യൻ സയണിസ്റ്റുകൾ ഫലസ്തീൻ ക്രൈസ്തവരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന കാര്യങ്ങൾക്കാണ് സാമ്പത്തിക സഹായം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: