‘ക്രിസ്ത്യാനികൾക്കും മുസ്‍ലിംകൾക്കും നേരെ ഇസ്രയേലിൽ ചിലർ നടത്തുന്നത് ഹീനമായ അതിക്രമം’; രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഹെർസോഗ്
തെൽ അവീവ്: ഇസ്രയേൽ സമൂഹത്തിനുള്ളിൽ പടരുന്ന തീവ്രവാദ ചിന്താഗതികൾക്കും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രസിഡന്റ് ഐസക് ഹെർസോഗ്. നമുക്കിടയിൽ ജീവിക്കുന്ന ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾക്ക് നേരെ തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ ഇസ്രയേലിന്റെ അന്തസ്സിനെ കെടുത്തുന്നതാണെന്ന് അദ്ദേഹം തുറന്നടിച്ചു. അപരിചിതനെയും സ്‌നേഹിക്കണമെന്ന തോറയുടെ സന്ദേശത്തിന് അക്രമികൾ ഒരു വിലയും കൽപ്പിക്കുന്നില്ല. സമൂഹത്തിന്റെ ഐക്യത്തിന് മനുഷ്യത്വമാണ് ആദ്യം വേണ്ടതെന്നും ഹെർസോഗ് പറഞ്ഞു. ഗസ്സ ഫ്രീഡം ഫ്‌ളോട്ടില ആക്ടിവിസ്റ്റുകളെ ക്രൂരമായി മർദിച്ച സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗിവിർ ഉൾപ്പെടെയുള്ള നേതാക്കളുടെയും പോലീസിന്റെയും നടപടിയെയും ഇസ്രയേൽ പ്രസിഡന്റ് രൂക്ഷമായി വിമർശിച്ചു.
ജെറൂസലേമിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ‘ജെറൂസലേം യൂണിറ്റി പ്രൈസ്’ പുരസ്‌കാര വിതരണ ചടങ്ങിൽ സംസാരിക്കവെയാണ് ഐസക് ഹെർസോഗ് കടുത്ത പരാമർശങ്ങൾ നടത്തിയത്. ”ഇന്ന് ഐക്യത്തെക്കുറിച്ച് മാത്രം സംസാരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ, അക്രമങ്ങൾ മാത്രമല്ല ഇന്ന് നമ്മുടെ സമൂഹത്തിനിടയിൽ തലപൊക്കുന്നതെന്നതാണ് ഇപ്പോഴത്തെ എന്റെ ദുഃഖം. നമ്മുടെ മനോഹരമായ ഇസ്രയേലി സമൂഹത്തിന്റെ അരികുകളിലായി ഒരു ഭയാനകമായ പൈശാചികവൽക്കരണം പതുക്കെ നുഴഞ്ഞുകയറുകയാണ്. അത് ഇസ്രയേൽ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കുമെന്ന ഭീതിയുണ്ട്. എന്നാൽ നാമത് അനുവദിക്കില്ല,’ ഹെർസോഗ് തുറന്നടിച്ചു.
ഇസ്രയേലിലെ പല വിഭാഗങ്ങളും ഇപ്പോൾ അക്രമങ്ങൾ കണ്ട് ഒരു ഞെട്ടലുമില്ലാതെയായി മാറുകയോ അതിനെ നിസ്സാരമായി കാണുകയോ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അറബ് സമൂഹത്തിൽ ദിവസേനയെന്നോണം കൊലപാതകങ്ങൾ നടന്നിട്ടും ആരെയും അലട്ടുന്നില്ല. സമൂഹത്തിന്റെ ചില വിഭാഗങ്ങൾ അതിക്രമങ്ങളെ സ്വാഭാവിക കാര്യമായി കാണുക മാത്രമല്ല, അതിൽ അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആശങ്കപ്പെട്ടു.
”യൂദിയായിലും സമരിയയിലും (വെസ്റ്റ് ബാങ്ക്) നിയമം കൈയിലെടുക്കുന്ന ഒരു അക്രമിസംഘം നടത്തുന്ന ഭീകരമായ അതിക്രമങ്ങൾക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ സമൂഹത്തെ കളങ്കപ്പെടുത്തുന്നതും, ധാർമികമോ നിയമപരമോ ജൂത പാരമ്പര്യമോ ആയ എല്ലാ അടിസ്ഥാന മാനദണ്ഡങ്ങളിൽനിന്നും വ്യതിചലിക്കുന്നതുമായ പ്രവൃത്തികളാണവ. നമുക്കിയിൽ ജീവിക്കുന്ന ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും എതിരെ തീവ്രവാദികൾ നടത്തുന്ന ലജ്ജാകരവും വികൃതവുമായ പെരുമാറ്റങ്ങൾക്ക് നാം ഇരയാകുന്നു; മനുഷ്യന്റെ അടിസ്ഥാന ധാർമികതയ്‌ക്കോ, നമുക്കൊപ്പം വസിക്കുന്ന അപരിചിതനെ സ്‌നേഹിക്കുന്നതിനെക്കുറിച്ചുള്ള ഇസ്രയേലിലെ തോറയുടെ കൽപ്പനകൾക്കോ യാതൊരു വിലയുമില്ലാത്തതുപോലെയാണ് അവരിപ്പോൾ പെരുമാറുന്നത്.
തടങ്കലിൽ ഉള്ളവർക്കോ, ചോദ്യം ചെയ്യപ്പെടുന്നവർക്കോ, അല്ലെങ്കിൽ സംശയിക്കപ്പെടുന്നവർക്കോ യാതൊരുവിധ മനുഷ്യാവകാശങ്ങളും ഇല്ലെന്ന് കരുതുന്ന ഒരുപിടി ആളുകളുടെ ക്രൂരമായ പ്രവൃത്തികൾക്കും നാം സാക്ഷികളാകുന്നു. മനുഷ്യൻ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടതിനാൽ പ്രിയപ്പെട്ടവനാണ് എന്നാണ് നമ്മുടെ പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ഞാൻ ഇവിടെ നിന്നുകൊണ്ട് ഉറക്കെ പറയുന്നു: ഐക്യം ആരംഭിക്കുന്നത് മനുഷ്യത്വത്തിൽനിന്നാണ്. മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുക, ഓരോ വ്യക്തിയിലുമുള്ള ദൈവത്തിന്റെ രൂപത്തെ മാനിക്കുക എന്നത് നാം പടുത്തുയർത്തുന്ന മുഴുവൻ സംവിധാനത്തിന്റെയും അടിസ്ഥാനതത്വമാണ്. ഏറ്റവും നീതിപൂർവമായ യുദ്ധങ്ങളിൽ ഏർപ്പെടുത്തുമ്പോൾ പോലും, നമ്മുടെ ഉള്ളിലെ ദൈവത്തിന്റെ രൂപവും, നമുക്കിടയിലോ നമുക്കൊപ്പം ജീവിക്കുന്ന ഓരോ മനുഷ്യരിലുമുള്ള മാനുഷികതയും നാം കാത്തുസൂക്ഷിക്കണം.”-ഹെർസോഗ് ഓർമിപ്പിച്ചു.
നമ്മുടേത് മഹത്തായ ശക്തിയുള്ള ഒരു ശ്രേഷ്ഠ ജനതയാണ്. എന്നാൽ, ആ ശക്തിയോടെ പ്രവർത്തിക്കണമെങ്കിൽ നാം ചില ലക്ഷ്മണരേഖകൾ വരയ്ക്കേണ്ടതുണ്ട്. തടവിലാക്കപ്പെട്ടവർ എത്രതന്നെ നിന്ദ്യരാണെങ്കിലും അവരെ ഉപദ്രവിക്കുന്നത് നിഷിദ്ധമാണ്. നിയമം കൈയിലെടുക്കുന്നത് നിഷിദ്ധമാണ്. മറ്റ് മതസ്ഥരെയോ അവരുടെ ചിഹ്നങ്ങളെയോ ഉപദ്രവിക്കുന്നത് നിഷിദ്ധമാണ്. നമ്മുടെ സമൂഹത്തിന്റെ അരികുകളിൽ നിന്ന് ഉയർന്നുവരുകയും നമ്മെയെല്ലാവരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഈ പൈശാചികവൽക്കരണത്തെ നമുക്ക് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ഐസക് ഹെർസോഗ് കൂട്ടിച്ചേർത്തു.
പ്രസിഡന്റിന്റെ പ്രസംഗം പുരോഗമിക്കുന്നതിനിടെ ഭരണപക്ഷത്തെ നെഗേവ്-ഗലീലി വികസന മന്ത്രി യിത്ഷാക് വാസ്സർലൗഫ് പ്രതിഷേധ സൂചകമായി ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന് കടുത്ത ഭാഷയിലാണ് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ പ്രതികരിച്ചത്. ‘ലക്ഷക്കണക്കിന് ഇസ്രയേലി പൗരന്മാരെ മൃഗങ്ങളെന്ന് വിളിക്കുന്ന ഒരു രാഷ്ട്രത്തലവൻ പ്രസിഡന്റ് പദവിയിൽ ഇരിക്കാൻ ഒട്ടും യോഗ്യനല്ല.’ ബെൻ-ഗ്വീർ വിമർശിച്ചു. ഇസ്രയേലിലെ ജയിലുകളിൽ ഭീകരവാദികൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങളും ‘സമ്മർ ക്യാമ്പ്’ അന്തരീക്ഷവും അവസാനിപ്പിച്ച് അവയെ യഥാർത്ഥ ജയിലുകളാക്കി മാറ്റിയത് താനാണെന്നും, ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്ക് മുന്നിൽ ഇസ്രായേൽ ഇനി മറുപുറം കവിൾ കാണിച്ചു കൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.