നാട്ടിൽ നിന്ന് 50 കോടിയോളം പിരിച്ചെടുത്തു, 20 ദിവസമായി വിവരമില്ല; സ്വിറ്റ്‌സർലൻഡിൽ വെക്കേഷന് പോയ മാതാപിതാക്കളെ കാണാനില്ലെന്ന് മക്കൾ
ഹൈദരാബാദ്: അവധി ആഘോഷിക്കാൻ സ്വിറ്റ്‌സർലാൻഡിൽ പോയ ദമ്പതികളെ കാണാനില്ലെന്ന് പരാതി. പോകുന്നതിന് മുമ്പ് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഏകദേശം 70-ഓളം ആളുകളിൽ നിന്ന് 50 കോടി രൂപ വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളെ കാണാനില്ലെന്ന് മക്കളാണ് പരാതി നൽകിയത്. ജൂൺ 22നാണ് ഹൈദരാബാദ് ചേർലപ്പള്ളി സ്വദേശികളായ പബ്ബ ചന്ദ്രശേഖരനും ഭാര്യ സ്വപ്‌നയും സ്വിറ്റ്‌സർലാൻഡിലേക്ക് പോയത്. യാത്രയുടെ ആദ്യ ദിവസങ്ങളിൽ ഇവർ മക്കളുമായി സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോണുകൾ സ്വിച്ച് ഓഫ് ആവുകയായിരുന്നു.
കുഷായിഗുഡയിൽ കഴിഞ്ഞ മുപ്പത് വർഷമായി സിമന്റ് ഫിനാൻസും ചിട്ടി ഫണ്ടും നടത്തിവന്നിരുന്ന ചന്ദ്രശേഖർ, ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പ്രദേശവാസികളിൽ നിന്നാണ് 50 കോടിയോളം രൂപ പിരിച്ചെടുത്തത്. കുടുംബത്തിലെ പല ആവശ്യങ്ങൾ പറഞ്ഞും ഇയാൾ പലരിൽ നിന്നും വൻതുക കടം വാങ്ങിയിരുന്നതായും പരാതിയുണ്ട്.
ദമ്പതികളെ കാണാതായ വിവരം പുറത്തറിഞ്ഞതോടെ പണം നഷ്ടപ്പെട്ട നിക്ഷേപകർ ഇവരുടെ വീടിന് മുന്നിൽ പ്രതിഷേധവുമായി എത്തി. കേസ് ഭയന്ന് നിക്ഷേപകരെയും സ്വന്തം മക്കളെയും ബോധപൂർവ്വം ഒഴിവാക്കി പണവുമായി ഇവർ രാജ്യം വിട്ടതാണോ അതോ സ്വിറ്റ്‌സർലാൻഡിൽ വെച്ച് എന്തെങ്കിലും അപകടത്തിൽ പെട്ടതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരുടെ യാത്രാ വിവരങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിച്ചുവരുന്ന പോലീസ്, ആവശ്യമെങ്കിൽ സ്വിസ് എംബസിയുടെ സഹായം തേടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ ജീവനക്കാരിയായ മൂത്ത മകൾ നൽകിയ പരാതിയിലാണ് ചേർലപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചത്.