23/07/2026
[fontresizer_tawhidurrahmandear_widget]

ഫ്രിഡ്ജ് തുറന്നപ്പോൾ ഫ്രീസറിൽ ശിവലിംഗാകൃതി; ജലാഭിഷേകവും കാണിക്കയുമായി ജനക്കൂട്ടം

 ഫ്രിഡ്ജ് തുറന്നപ്പോൾ ഫ്രീസറിൽ ശിവലിംഗാകൃതി; ജലാഭിഷേകവും കാണിക്കയുമായി ജനക്കൂട്ടം

ആഗ്ര: വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ മഞ്ഞുപാളികൾ ശിവലിംഗത്തിന്റെ ആകൃതിയിൽ രൂപപ്പെട്ടത് പ്രദേശവാസികളിൽ വലിയ കൗതുകവും ഭക്തിയും നിറയ്ക്കുന്നു. ഉത്തർപ്രദേശിലെ ആഗ്ര ഖേരിയ മോഡിന് സമീപമുള്ള നഗ്ല ഭുജ മേഖലയിലെ ഒരു വീട്ടിലാണ് ഫ്രീസറിലെ ഐസ് കട്ട പെട്ടെന്ന് ‘വിശ്വാസത്തിന്റെ പ്രതീകം’ ആയി മാറിയത്. ഫ്രീ പ്രസ് ജേണലാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

വീട്ടുകാർ പതിവുപോലെ ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഫ്രീസറിനുള്ളിൽ ഐസ് ശിവലിംഗത്തിന്റെ രൂപത്തിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ വിവരം പുറത്തറിഞ്ഞതോടെ അയൽവാസികളടക്കം നൂറുകണക്കിന് ആളുകളാണ് അത്ഭുതക്കാഴ്ച കാണാനും ആരാധിക്കാനുമായി വീട്ടിലേക്ക് തടിച്ചുകൂടിയത്. പ്രശസ്തമായ അമർനാഥ് ഗുഹയിലെ മഞ്ഞുലിംഗത്തോട് ഇതിനെ ഉപമിച്ച് പലരും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം അതിവേഗം വൈറലാവുകയും ചെയ്തു.

ഇത് ശിവന്റെ അത്ഭുത പ്രവർത്തിയാണെന്ന് വിശ്വസിച്ചെത്തിയ ഭക്തർ ഫ്രിഡ്ജിന് മുന്നിൽ ജലാഭിഷേകം നടത്തുകയും ‘ഹർ ഹർ മഹാദേവ്’ വിളികളാൽ വീടും പരിസരവും ഭക്തിസാന്ദ്രമാക്കുകയും ചെയ്തു. ഇതിന് പുറമെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലിംഗത്തിന് അരികിലായി ഭക്തർ കാണിക്കപ്പണം നിക്ഷേപിക്കുന്നതും കാണാം. രാവിലെ മുതൽ രാത്രി വൈകുന്നത് വരെ ദർശനത്തിനായി ആളുകളുടെ വലിയ തിരക്കായിരുന്നുവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, ഹിമാലയത്തിലെ യഥാർത്ഥ അമർനാഥ് മഞ്ഞുലിംഗം നിശ്ചിത സമയത്തിന് മുൻപേ ഉരുകിത്തുടങ്ങിയ വാർത്തകൾക്കിടയിലാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്. 57 ദിവസത്തെ തീർഥയാത്ര പൂർത്തിയാകുന്നതിന് മുൻപ് തന്നെ അമർനാഥിലെ മഞ്ഞുലിംഗം 90 ശതമാനത്തോളം ഉരുകിത്തീർന്നതായാണ് റിപ്പോർട്ടുകൾ. ഹിമാലയൻ മേഖലയിൽ താപനില വർധിക്കുന്നതും ആഗോളതാപനവുമാണ് ഇതിന് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിലുള്ള അമർനാഥ് ഗുഹയിലെ കാലാവസ്ഥയിലുണ്ടായ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ മഞ്ഞ് നിലനിൽക്കുന്നതിന് തടസ്സമാകുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

Also read: