‘തലച്ചോറും ഹൃദയവുമടക്കം ആന്തരികാവയവങ്ങളൊന്നുമില്ല’; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ വൻ ദുരൂഹത
ന്യൂഡല്‍ഹി: വെനസ്വേലയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയായ ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരികാവയവങ്ങൾ പൂർണ്ണമായും കാണാതായ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷ് ചൗഹാൻ (33) എന്ന യുവാവിന്റെ മൃതദേഹത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. 2026 മെയിലാണ് രാകേഷ് വെനസ്വേലയിൽ വെച്ച് മരണപ്പെടുന്നത്. സംഭവത്തിൽ ഫെഡറേഷൻ ഓഫ് സീഫറേഴ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്.എസ്.യു.ഐ) സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൃദയാഘാതം മൂലമാണ് രാകേഷ് മരിച്ചതെന്നാണ് വെനസ്വേലയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ മരണം സംബന്ധിച്ച മറ്റ് ഔദ്യോഗിക വിശദാംശങ്ങളോ ഇല്ലാതെയാണ് അധികൃതർ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചത്. ഇതിൽ സംശയം തോന്നിയ കുടുംബം റീ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെടുകയായിരുന്നു. ഈ പരിശോധനയിലാണ് തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്ക, പ്ലീഹ, കുടൽ, പാൻക്രിയാസ്, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങി ഒരൊറ്റ ആന്തരികാവയവം പോലും ശരീരത്തിൽ ഇല്ലെന്ന് വ്യക്തമായത്.
മൃതദേഹത്തിൽ നിരവധി തുന്നലുകളും ഉണ്ടായിരുന്നു. കഴുത്ത് മുതൽ താഴേക്ക് 22 തുന്നലുകളും, ഒരു ചെവി മുതൽ മറ്റേ ചെവി വരെ 21 തുന്നലുകളുമാണ് കണ്ടെത്തിയത്. ഒരു മാസത്തോളം ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽ മരണാനന്തര പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. അവയവങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടതിനാൽ തന്നെ കൃത്യമായ മരണകാരണം നിർണ്ണയിക്കാനും കഴിഞ്ഞിട്ടില്ലെന്ന് എഫ്.എസ്.യു.ഐ വ്യക്തമാക്കുന്നു.
2025 നവംബറിലാണ് മെർച്ചന്റ് നേവിയുടെ ഭാഗമായി രാകേഷ് ചൗഹാൻ വെനസ്വേലയിലേക്ക് പോകുന്നത്. എക്‌സ്ഫിനിറ്റി എന്ന കമ്പനിയിലായിരുന്നു ജോലി. കപ്പലിൽ വെച്ച് രാകേഷ് വീണുവെന്നും അതിജീവിക്കാൻ 95 ശതമാനവും സാധ്യതയില്ലെന്നുമായിരുന്നു കമ്പനി ആദ്യം കുടുംബത്തെ അറിയിച്ചിരുന്നത്. അന്ന് വൈകുന്നേരത്തോടെ വീഴ്ചയിലുണ്ടായ പരിക്ക് കാരണം മരണം സംഭവിച്ചുവെന്നും അറിയിച്ചു. മരണകാരണം സംബന്ധിച്ചുള്ള കമ്പനിയുടെ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളിലും മൃതദേഹത്തിന്റെ ദുരൂഹ അവസ്ഥയിലും കർശന അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെയും യൂണിയന്റെയും ആവശ്യം.