31/07/2026
[fontresizer_tawhidurrahmandear_widget]

ഇറ്റലിയുടെ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

 ഇറ്റലിയുടെ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

റോം: ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1982-ൽ ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിലെ സുപ്രധാന അംഗമായിരുന്നു അദ്ദേഹം.

ക്ലബ്ബ് ഫുട്ബോളിൽ എ.സി മിലാന്റെ പര്യായമായിരുന്നു ബറേസി. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ ഇതിഹാസ കരിയർ അദ്ദേഹം പൂർണ്ണമായും മിലാന് വേണ്ടിയാണ് ചിലവഴിച്ചത്. 1977 മുതൽ 1997 വരെ മിലാൻ ജേഴ്സിയിൽ കളത്തിലിറങ്ങിയ താരം ആറ് സീരി എ കിരീടങ്ങളും മൂന്ന് യൂറോപ്യൻ കപ്പുകളും ക്ലബ്ബിന് നേടിക്കൊടുത്തു. എ.സി മിലാനായി 719 മത്സരങ്ങൾ കളിച്ച ബറേസി 33 ഗോളുകളും നേടിയിട്ടുണ്ട്. പവോളോ മാൾഡീനിയുമൊത്ത് ബറേസി തീർത്ത മിലാന്റെ പ്രതിരോധനിര ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ക്ലബ്ബിന്റെ നായകസ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹത്തോടുള്ള ആദരസൂചകമായി, ബറേസി വിരമിച്ച ശേഷം എ.സി മിലാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആറാം നമ്പർ ജേഴ്‌സി എന്നെന്നേക്കുമായി പിൻവലിച്ചിരുന്നു.

ഇറ്റാലിയൻ ദേശീയ ടീമിന്റെയും പ്രതിരോധത്തിലെ വിശ്വസ്തനായിരുന്നു ബറേസി. 1982-ലെ ലോകകപ്പ് കിരീട നേട്ടത്തിന് പുറമെ 1994-ൽ ഇറ്റലിയെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. എന്നാൽ അന്ന് ഫൈനലിൽ ബ്രസീലിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടാനായിരുന്നു ഇറ്റലിയുടെ വിധി. നിർണായകമായ ആ ഷൂട്ടൗട്ടിൽ ബറേസിയുടെ കിക്കും പാഴായിരുന്നു. ഇറ്റാലിയൻ ദേശീയ ടീമിനായി 81 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അദ്ദേഹം ടീമിന്റെ നായകസ്ഥാനവും വഹിച്ചിട്ടുണ്ട്.

Also read: