31/07/2026
[fontresizer_tawhidurrahmandear_widget]

സിലബസിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ നീക്കം

 സിലബസിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ നീക്കം

തിരുവനന്തപുരം: സിലബസിൽ കേന്ദ്ര ഇടപെടലുകളില്ലാതെ സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാരിന്റെ നീക്കം. പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന 265 സ്കൂളുകളിലും കേരളത്തിലെ മറ്റ് സ്കൂളുകളിലെ അതേ സിലബസ് തന്നെ തുടരാനാണ് ധാരണ. സിലബസിൽ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന കേന്ദ്രത്തിന്റെ രാജ്യസഭയിലെ ഉറപ്പാണ് ഇതിന് ആധാരം. സിലബസിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുന്നപക്ഷം ശക്തമായ നിയമപോരാട്ടം നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫിൽ ധാരണയായ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. അടുത്ത മന്ത്രിസഭായോഗത്തിന് മുന്നോടിയായി ചേരുന്ന ഉപസമിതി യോഗം വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകും. പദ്ധതി നടപ്പാക്കുന്ന സ്കൂളുകളെ തെരഞ്ഞെടുക്കുന്നത് സംസ്ഥാനമായിരിക്കും. സിലബസിൽ കടന്നുകയറ്റമുണ്ടായാൽ നിയമനടപടി സ്വീകരിക്കാനുള്ള ശുപാർശയും ഉപസമിതി നൽകും. അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

അതേസമയം, സംസ്ഥാനത്തിന് കരാറിൽ നിന്ന് സ്വന്തം നിലയ്ക്ക് പിന്മാറാൻ സാധിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. പി.വി അബ്ദുൾ വഹാബ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയാണിത്. എന്നാൽ പദ്ധതിയിൽ നിന്ന് ഒറ്റയ്ക്ക് പിന്മാറാനാകാത്ത വിധമാണ് കരാറെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ തള്ളുന്നതാണെന്ന് ജോൺ ബ്രിട്ടാസ് എംപിയും ആരോപിച്ചു.

Also read: