19/06/2026
[fontresizer_tawhidurrahmandear_widget]

‘കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാൽ പിഎം ശ്രീയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതരാണ്’; മുഖ്യമന്ത്രി

 ‘കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാൽ പിഎം ശ്രീയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതരാണ്’; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതരാവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ എൽഡിഎഫ് സർക്കാർ മന്ത്രിസഭ അറിയാതെ പദ്ധതിയിൽ ഒപ്പുവെച്ചതിനാലാണ് ഈ സാഹചര്യമെന്നും, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലികഴിക്കാതെ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പദ്ധതിയിൽ നിന്ന് പിന്മാറാൻ മുൻ സർക്കാർ ഒരു കത്തും നൽകിയിട്ടില്ല. നിലവിൽ പദ്ധതിയുടെ ഭാഗമായ കേരളം 106 കോടി രൂപ അനുവദിച്ചതിൽ 99 കോടിയും വാങ്ങിയിട്ടുണ്ട്. കരിക്കുലം തീരുമാനിക്കാനും സ്കൂളുകൾ തെരഞ്ഞെടുക്കാനുമുള്ള അധികാരം സംസ്ഥാനത്തിന് നൽകണമെന്നും കേന്ദ്രം ഇതിൽ ഇളവ് അനുവദിച്ചില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് കൂട്ടായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 1100 കോടി രൂപ കേരളത്തിന്റെ അവകാശമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സമിതിയെ നിയമിക്കുമെന്നും എല്ലാ വകുപ്പുകളിലും ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥരെ ഫിനാൻഷ്യൽ അഡ്വൈസറായി നിയമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, തെരഞ്ഞെടുപ്പ് കാലത്തെ ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ സിപിഎം നിലപാടിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഇത് ഷാഫി പറമ്പിലിന്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിച്ചതെന്നും, സിപിഎം ചെയ്തത് സംഘ്പരിവാർ പണിയാണെന്നും അദ്ദേഹം ആരോപിച്ചു. വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചതായും സതീശൻ ചൂണ്ടിക്കാട്ടി.

എന്നാൽ, പിഎം ശ്രീ നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ പണം വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. എസ്എസ്കെ ഫണ്ട് ലഭിക്കുന്നതിനായി താൽക്കാലിക ക്രമീകരണം മാത്രമാണ് ഉണ്ടാക്കിയതെന്നും പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Also read: