‘പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല’; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി നിലവിലെ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമാണെന്നും പദ്ധതി നടപ്പാക്കിയില്ലെങ്കിൽ ഈ ഫണ്ടുകൾ ലഭ്യമാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിലെ എസ്സിഇആർടി പുസ്തകങ്ങൾ ഉപയോഗിച്ച് തന്നെ കുട്ടികളെ പഠിപ്പിച്ചാൽ മതിയെന്നാണ് ശുപാർശ.
അതേസമയം, വിഷയത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്നും വിദഗ്ധരുമായുള്ള ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും മന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചു. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പരിഗണിച്ചാകും തീരുമാനം. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് ഫണ്ട് വാങ്ങിയ കരാറുണ്ടെന്നും എന്നാൽ ഫണ്ട് നൽകാൻ കേന്ദ്രം സംസ്ഥാനത്തിന് മേൽ ഉപാധികൾ വെക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിജിഇയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.