‘എൽഡിഎഫ് സർക്കാർ ഒപ്പിട്ട കരാറിൽ പിന്മാറ്റം സാധ്യമല്ല, പിഎം ശ്രീയിൽ മുന്നോട്ട്, ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കും എന്ന് യുഡിഎഫ് സർക്കാർ തീരുമാനിക്കും’;അടൂർ പ്രകാശ്
തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ‘പിഎം ശ്രീ’ പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. എന്നാൽ പദ്ധതി സംസ്ഥാനത്തെ ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണമെന്ന് യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ടത്. അതുകൊണ്ടുതന്നെ ഇതിൽ നിന്നും ഇനി പിന്മാറാനാകില്ല. സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള ഫണ്ട് വാങ്ങിയെടുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ ധാരണയായത്.
ഇതിന് പുറമെ മറ്റ് ചില സുപ്രധാന തീരുമാനങ്ങളും യുഡിഎഫ് യോഗത്തിലുണ്ടായി. സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിനായി പ്രത്യേക ഉപസമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. കൂടാതെ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിതരായ വിവിധ ബോർഡ്-കോർപറേഷൻ ഭാരവാഹികൾ മാന്യമായി രാജി വെച്ചൊഴിയണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തി. യുഡിഎഫ് സർക്കാർ വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും, ഇത് സിപിഐ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ പദ്ധതിയെ എതിർത്തിരുന്ന കോൺഗ്രസും മുസ്ലിം ലീഗും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.