24/06/2026
[fontresizer_tawhidurrahmandear_widget]

‘വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല; യുഡിഎഫ് വേണ്ടെന്ന് വെച്ചാൽ വിൽക്കില്ല’ – മുഖ്യമന്ത്രി വി.ഡി സതീശൻ

 ‘വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല; യുഡിഎഫ് വേണ്ടെന്ന് വെച്ചാൽ വിൽക്കില്ല’ – മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഡിഎഫ് മുന്നണി വേണ്ടെന്ന് തീരുമാനിച്ചാൽ പദ്ധതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാനും ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും നീക്കം തുടങ്ങിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് അന്ന് അനുമതി നൽകാതിരുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്നത് യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഒരു പൊതുമേഖലാ സ്ഥാപനവും സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി സഭയിൽ ഉറപ്പുനൽകി. ബജറ്റിൽ കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കുമെന്ന് പറഞ്ഞിട്ടില്ല. കെഎംഎംഎൽ, കെൽട്രോൺ, ടൈറ്റാനിയം ഉൾപ്പെടെയുള്ള നാല് പൊതുമേഖലാ സ്ഥാപനങ്ങളെ കോർത്തിണക്കി ഒരു കൺസോർഷ്യ രൂപീകരിച്ചായിരിക്കും കരിമണൽ ഖനനം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ മേൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കാതെ, സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിച്ചും വരുമാന ചോർച്ച തടഞ്ഞും ഖജനാവ് നിറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

കെഎസ്ഇബിയും കെഎസ്ആർടിസിയും അടച്ചുപൂട്ടുകയല്ല, മറിച്ച് നവീകരിക്കുകയാണ് ലക്ഷ്യം. സപ്ലൈകോയെ സർക്കാർ സബ്സിഡി സഹായമില്ലാതെ തന്നെ സ്വയം പര്യാപ്തതയോടെ പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലാക്കും. ഭരണനിർവഹണം കൂടുതൽ സുതാര്യമാക്കാൻ മന്ത്രിമാരുടെ ഓഫീസുകളിലടക്കം ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഡാറ്റാ ഗവേണൻസും ഏർപ്പെടുത്തും.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. മുൻ എൽഡിഎഫ് സർക്കാരാണ് പിഎം ശ്രീ കരാറിൽ ഒപ്പുവെച്ചത്. ആർഎസ്എസ് അജണ്ട സിലബസിൽ ഉൾപ്പെടുത്തുന്ന ഒരു ഒത്തുതീർപ്പിനും തങ്ങൾ തയ്യാറല്ലെന്നും, നിലവിൽ രൂപീകരിച്ചിട്ടുള്ള ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയിൽ തുടർനടപടികൾ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Also read: