20/06/2026
[fontresizer_tawhidurrahmandear_widget]

‘കേരളത്തിന്റെ ഭൂമിയും ആകാശവും കടലും വിറ്റ് പണമുണ്ടാക്കുകയാണ് യുഡിഎഫ് സർക്കാർ, ബജറ്റിലെ പ്രഖ്യാപനങ്ങൾ എല്ലാം അദാനിക്ക് വേണ്ടി’: എം.വി ഗോവിന്ദൻ

 ‘കേരളത്തിന്റെ ഭൂമിയും ആകാശവും കടലും വിറ്റ് പണമുണ്ടാക്കുകയാണ് യുഡിഎഫ് സർക്കാർ, ബജറ്റിലെ പ്രഖ്യാപനങ്ങൾ എല്ലാം അദാനിക്ക് വേണ്ടി’: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനും നയങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് രംഗത്ത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ കോർപറേറ്റുകൾക്കും കാവിവൽക്കരണത്തിനും പാദസേവ ചെയ്യുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യനിർമാണത്തിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതിയാണ് നടക്കുന്നതെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷും ആരോപിച്ചു.

തദേശീയമായ പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനാണ് മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെങ്കിൽ, നിലവിലെ സർക്കാർ സ്പിരിറ്റിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിച്ച് സംസ്ഥാനത്ത് മദ്യമൊഴുക്കാൻ ശ്രമിക്കുകയാണെന്ന് എം.ബി രാജേഷ് പറഞ്ഞു. മദ്യനികുതി 250 ശതമാനത്തിൽ നിന്ന് 120 ശതമാനമായി വെട്ടിക്കുറച്ചതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ധനമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെയും പ്രകൃതിവിഭവങ്ങളെയും സ്വകാര്യവൽക്കരിക്കാനുള്ള വ്യക്തമായ ഗൂഢാലോചനയാണെന്ന് എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ അദാനിക്ക് വിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ക്ഷേമപെൻഷൻ വർധനയെക്കുറിച്ചോ, ലൈഫ് ഭവനപദ്ധതിയെക്കുറിച്ചോ, കുടുംബശ്രീയെക്കുറിച്ചോ ബജറ്റിൽ പരാമർശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യമേഖലയ്ക്കുള്ള വിഹിതത്തിൽ ആയിരം കോടി രൂപയുടെ കുറവ് വരുത്തിയ ബജറ്റിൽ, കാരുണ്യ ഫണ്ടിൽ നിന്നും 89 കോടി രൂപ വെട്ടിക്കുറച്ചു. ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക്’ വെറും 10 കോടി രൂപ മാത്രമാണ് മാറ്റിവെച്ചത്. സർവകലാശാലകളിലെ കാവിവൽക്കരണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ഗവർണർ സമാന്തര സർക്കാർ ചമഞ്ഞ് യോഗം വിളിക്കുമ്പോൾ മുഖ്യമന്ത്രി നിസ്സംഗത പാലിക്കുകയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും ലീവ് സറണ്ടറും അട്ടിമറിച്ച ബജറ്റ് ജനങ്ങളെ ഒന്നടങ്കം വഞ്ചിക്കുന്നതാണെന്നും എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

Also read: