‘ആര്‍എസ്എസ് ബന്ധമുള്ളതുകൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? വിസിമാര്‍ പങ്കെടുത്തതില്‍ തെറ്റില്ല, നിയമവിരുദ്ധമെങ്കില്‍ നടപടിയെടുക്കട്ടെ’- വി. മുരളീധരന്‍
തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി. മുരളീധരന്‍ എംഎല്‍എ. വിസിമാര്‍ പങ്കെടുത്തത് നിയമവിരുദ്ധമായാണെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ അപരാധമാകുന്നതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിശദീകരിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ഒരിടത്തും നിരോധിക്കപ്പെടാത്ത സംഘടനയാണ് ആര്‍എസ്എസ് എന്ന് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കേരളത്തിലെ സര്‍വകലാശാല ചട്ടങ്ങളിലോ വിദ്യാഭ്യാസ നിയമങ്ങളിലോ പറയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
“ഈ രാജ്യത്തെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംസ്ഥാന ഗവര്‍ണര്‍മാരും ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും സ്വയംസേവകരാണെന്ന് അഭിമാനിക്കുന്നവരുമാണ്. ആര്‍എസ്എസ് ബന്ധമുള്ളതുകൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന നിലപാട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്വീകരിക്കുമോ?” – വി. മുരളീധരന്‍
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ആര്‍എസ്എസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരേ കാലഘട്ടത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് രാജ്യത്താകമാനം ആര്‍എസ്എസ് വളരുമ്പോള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.