വിജിലൻസ് അന്വേഷണത്തിൽ തെളിവില്ല; പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ്
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ് ലഭിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ സതീശനെതിരെ യാതൊരുവിധ തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണ നടപടികൾ പൂർണ്ണമായും അവസാനിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളൊന്നും തെളിയിക്കാൻ വിജിലൻസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വി.ഡി. സതീശനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്‌ടർ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. ഭരണം മാറിയതുകൊണ്ടല്ല സതീശന് ക്ലീൻ ചിറ്റ് ലഭിച്ചത്, മറിച്ച് അന്നും ഇന്നും അദ്ദേഹത്തിന് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018-ലെ പ്രളയത്തിൽ പറവൂർ മണ്ഡലത്തിൽ വീടും ഉപജീവനവും നഷ്ടപ്പെട്ടവർക്കായി വി.ഡി. സതീശൻ ആവിഷ്കരിച്ച് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് ‘പുനർജനി’. ഇതിനായി വിദേശത്തുനിന്ന് നിയമവിരുദ്ധമായി പണപ്പിരിവ് നടത്തുകയും വിദേശനാണ്യ വിനിമയച്ചട്ടം (FCRA) ലംഘിക്കുകയും ചെയ്തു എന്ന ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം നടന്നത്.
പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകൾ വഴി 2018 നവംബർ 27 മുതൽ 2022 മാർച്ച് 8 വരെയുള്ള കാലയളവിൽ 1.27 കോടി രൂപയുടെ പണമിടപാടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. പുനർജനി സ്പെഷ്യൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്.സി.ആർ.എ, കറന്റ് അക്കൗണ്ടുകൾ വഴിയുമാണ് പണം സ്വീകരിച്ചത്. എന്നാൽ പദ്ധതിക്കായി പിരിച്ചെടുത്ത വിദേശപണമൊന്നും വി.ഡി. സതീശന്റെ സ്വന്തം അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് വിജിലൻസ് അന്തിമമായി സ്ഥിരീകരിച്ചു. ഇതോടെയാണ് അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതിൽ നിന്ന് വിജിലൻസിന് പിന്മാറേണ്ടി വന്നത്.