21/07/2026
[fontresizer_tawhidurrahmandear_widget]

‘കെഎസ്‌യുവിന്‌ അഭിപ്രായം പറയാം, പക്ഷേ അതിന് ചില രീതികളുണ്ട്; പരാതിയുണ്ടെങ്കിൽ പരിശോധിക്കും’ -രമേശ് ചെന്നിത്തല

 ‘കെഎസ്‌യുവിന്‌ അഭിപ്രായം പറയാം, പക്ഷേ അതിന് ചില രീതികളുണ്ട്; പരാതിയുണ്ടെങ്കിൽ പരിശോധിക്കും’ -രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെ.എസ്.യുവിന് നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിന് ചില രീതികളുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കെ.എസ്.യുവിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താവുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ ഇതിന് മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, ‘ഓപറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിൻ വൻ മുന്നേറ്റമാണെന്നും ജനം ഇത് ഏറ്റെടുത്തതായും ആഭ്യന്തരമന്ത്രി പറഞ്ഞു. മുൻപ് ലഹരി മാഫിയയെ ജനങ്ങൾ ഭയന്നിരുന്ന സ്ഥാനത്ത് ഇന്ന് മാഫിയ ജനങ്ങളെ പേടിക്കുന്ന അവസ്ഥ വന്നിരിക്കുകയാണ്. ലഹരി പൂർണമായി തുടച്ചുനീക്കുന്നതുവരെ ഈ ഓപറേഷൻ തുടരുമെന്നും ഡോക്ടർമാരുടെ കുറിപ്പില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് നൽകരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്എഫ്ഐ, എബിവിപി നേതാക്കളെ ഉൾപ്പെടുത്തിയെന്ന കെ.എസ്.യുവിന്റെ പരാതി മുഖ്യമന്ത്രി തള്ളിയതും പൊതുപരിപാടിയിൽ അലോഷ്യസ് സേവ്യറിന് മുഖംകൊടുക്കാതെ പോയതുമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പ്ലീഡർ നിയമനത്തിൽ കെഎസ്യുവിന് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത അമർഷമുണ്ട്. കെ.എസ്.യു എക്കാലത്തും തിരുത്തൽ ശക്തിയാണെന്നും മുഖ്യമന്ത്രിയും സംഘടനയിലൂടെ വന്നയാളാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. ജനങ്ങളോടുള്ള ഉത്തരവാദിത്തം പാലിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും വ്യക്തമാക്കി. വിവാദം കൊഴുക്കുന്ന പശ്ചാത്തലത്തിൽ നേതാക്കളുടെ പരസ്യ പ്രതികരണം നിയന്ത്രിക്കാനാണ് കെപിസിസി തീരുമാനം.

Also read: