10/08/2026
[fontresizer_tawhidurrahmandear_widget]

‘പ്രശ്നം വരുന്നത് വരെ സംഘം കാവലുണ്ടാകും, വന്നു കഴിഞ്ഞാൽ സ്കൂട്ടാകും’; ടി.ജി മോഹൻദാസിന്റെ അറസ്റ്റിൽ ആർഎസ്എസിനെ പരിഹസിച്ച് സന്ദീപ് വാര്യർ

 ‘പ്രശ്നം വരുന്നത് വരെ സംഘം കാവലുണ്ടാകും, വന്നു കഴിഞ്ഞാൽ സ്കൂട്ടാകും’; ടി.ജി മോഹൻദാസിന്റെ അറസ്റ്റിൽ ആർഎസ്എസിനെ പരിഹസിച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സംഘടനയെ രൂക്ഷമായി പരിഹസിച്ച് തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ. പ്രവർത്തകർക്ക് ഒരു പ്രശ്നം വരുന്നത് വരെ മാത്രമേ സംഘം കൂടെയുണ്ടാകൂ എന്നും, പ്രശ്നം വന്നാൽ അവർ സ്കൂട്ടാകുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളെ അധിക്ഷേപിച്ച കേസിലാണ് കഴിഞ്ഞ ദിവസം ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ടി.ജി. മോഹൻദാസിനെ അറസ്റ്റ് ചെയ്ത ആഭ്യന്തര വകുപ്പിനെയും മന്ത്രി രമേശ് ചെന്നിത്തലയെയും സന്ദീപ് വാര്യർ കുറിപ്പിലൂടെ അഭിനന്ദിച്ചു. ഇപ്പോൾ ഭരിക്കുന്നത് പിണറായി വിജയൻ അല്ലാത്തതുകൊണ്ടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നട്ടെല്ലുള്ളതുകൊണ്ടുമാണ് കേരളത്തിൽ സംഘത്തിന്റെ ആസ്ഥാന ബുദ്ധിജീവി അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കാപ്പ ക്രിമിനൽ കേസ് പ്രതിക്ക് വേണ്ടി ഒന്നടങ്കം ഇളകി പോലീസ് സ്റ്റേഷനിലെത്തിയെന്നും എന്നാൽ ആസ്ഥാന ബുദ്ധിജീവിക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലെന്ന യാഥാർത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘപരിവാർ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങളാണ് മോഹൻദാസ് തുറന്നു പറഞ്ഞത്. വിദ്യാർത്ഥികളെ വെടിവെക്കുമെന്ന മോഹൻദാസിന്റെ വിദ്വേഷ പ്രസ്താവന അക്ഷരാർത്ഥത്തിൽ അമിത് ഷാ ഡൽഹിയിൽ നടപ്പിലാക്കി. യഥാർത്ഥ തോക്കിന് പകരം പെല്ലറ്റ് ഗൺ ഉപയോഗിച്ചതുകൊണ്ട് മാത്രം കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടില്ലെന്നും സന്ദീപ് കുറിച്ചു. പ്രവർത്തകർക്ക് ഒരു പ്രതിസന്ധി വരുമ്പോൾ ആദ്യം തള്ളിപ്പറയുന്നതും പിന്നിൽ നിന്ന് കുത്തുന്നതും സംഘമായിരിക്കും. കാര്യാലയത്തിൽ ഇരിക്കുന്നവരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്ന് ഈ സംഭവത്തോടെ സൈബർ സംഘികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും, ‘നിങ്ങളും തൈപ്പിച്ച് വച്ചോ ഒരെണ്ണം’ എന്ന സിനിമാ ഡയലോഗിലൂടെ സന്ദീപ് ഇവർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇന്നലെ വൈകിട്ടോടെ കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് തിരുവനന്തപുരം സൈബർ പൊലീസ് സംഘം മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തെ ആസ്ഥാനത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ ടി.ജി. മോഹൻദാസിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന വിമർശനം ശക്തമായതിന് പിന്നാലെയാണ് പൊലീസിന്റെ ഈ നടപടി. കലാപാഹ്വാനത്തിന് ജൂലൈ 29-നാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Also read: