കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം: വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ തനിക്കെതിരെ ആക്രമണം അഴിച്ചുവിട്ടെന്ന ആരോപണവുമായി സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന സാങ്കേതിക സർവകലാശാല വി.സി ഡോ. സിസ തോമസ്. സംഭവത്തിൽ നാല് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്‌ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് വി.സി ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾ തനിക്ക് നേരെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തതായി സിസ തോമസ് ആരോപിച്ചു. തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്‌സനൽ സ്റ്റാഫും ആക്രമിക്കപ്പെട്ടതായി ഡോ. സിസ തോമസ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്കൃത സർവകലാശാലയിൽ നടന്ന അക്രമസംഭവങ്ങളുടെ വിശദാംശങ്ങൾ വി.സി ചാൻസലർ കൂടിയായ ഗവർണറെ നേരിൽ കണ്ടു ധരിപ്പിച്ചു. സംഭവസമയത്ത് പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് വി.സി ഗവർണറെ അറിയിച്ചു. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉന്നതധികാരികൾക്ക് പരാതി സമർപ്പിച്ചത്. സർവകലാശാലയ്ക്ക് പുറത്തുനിന്നെത്തിയ വിദ്യാർത്ഥികളും ആക്രമണം നടത്തിയ സംഘത്തിലുണ്ടെന്ന് പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.