‘വിദ്യാര്‍ഥികളെ വെടിവച്ച് കൊല്ലണം’; ടി.ജി മോഹൻദാസിനെതിരെ പരാതി നൽകി ഇടത് വിദ്യാർഥി സംഘടനകൾ
തിരുവനന്തപുരം: ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ആർഎസ്എസ്. പ്രചാരകൻ ടി.ജി മോഹൻദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും എഐഎസ്എഫും രംഗത്ത്. മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കെതിരെ സംസ്ഥാന പോലീസ് മേധാവി, സൈബർ പോലീസ്, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് സംഘടനകൾ പരാതി നൽകിയത്.
തനിക്ക് അവസരം ലഭിച്ചാൽ ജന്തർമന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിച്ച് മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെക്കുമെന്നും, കുറച്ചുപേർ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും ചെയ്താലും നാല് മണിക്കൂറിനുള്ളിൽ രംഗം ശാന്തമാകുമെന്നുമായിരുന്നു മോഹൻദാസിന്റെ വിവാദ പരാമർശം. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന പൗരന്മാരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നത് ഭരണഘടനാ മൂല്യങ്ങളെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്നതാണെന്ന് എസ്എഫ്ഐ പരാതിയിൽ ചൂണ്ടിക്കാട്ടി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും സമൂഹത്തിൽ ഭീതി സൃഷ്ടിക്കുന്നതുമാണ് ഈ പ്രസ്താവനയെന്നും അവർ വ്യക്തമാക്കി.
അതേസമയം, പ്രതിഷേധക്കാർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശങ്ങളുമായി മോഹൻദാസ് രംഗത്തെത്തിയിട്ടുണ്ട്. അവിടെയുള്ളവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നും അതിനിടയിൽ ആരെങ്കിലും മരിച്ചാൽ രക്തസാക്ഷിയാകുമെന്നുമാണ് പുതിയ യൂട്യൂബ് വീഡിയോയിലൂടെ ഇയാൾ ആരോപിക്കുന്നത്. മോഹൻദാസിന്റെ ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപകരവുമായ പരാമർശങ്ങൾക്കെതിരെ നിയമനടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.