മൈതാനത്ത് മാത്രമല്ല, ഇനി സ്ക്രീനിലും റൊണാൾഡോ മാജിക്; ഹോളിവുഡിലേക്ക് ചുവടുവെച്ച് സി.ആർ 7; നടനായും നിർമ്മാതാവായും അരങ്ങേറ്റം
ലണ്ടൻ: ഫുട്ബോൾ മൈതാനങ്ങളിലെ വിസ്മയങ്ങൾക്ക് ശേഷം ഇനി സ്ക്രീനിലും റൊണാൾഡോ മാജിക്. ബ്രിട്ടീഷ് ഫുട്ബോൾ പശ്ചാത്തലത്തിലൊരുങ്ങുന്ന ‘ഡേ വൺസ്’എന്ന പുതിയ ബിഗ് ബജറ്റ് ടെലിവിഷൻ ഡ്രാമ സീരീസിലൂടെയാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിനയരംഗത്തേക്കും നിർമ്മാണ മേഖലയിലേക്കും ചുവടുവെക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം തിയറി ഹെൻറി, ഹോളിവുഡ് താരം ഡാമിയൻ ലൂയിസ് എന്നിവരും റൊണാൾഡോയ്ക്കൊപ്പം ഈ പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
‘കിംഗ്സ്മാൻ’, ‘കിക്ക്-ആസ്’ തുടങ്ങിയ വമ്പൻ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ മാത്യു വോണും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്ന് രൂപീകരിച്ച ‘യു ആർ മാർവ് സ്റ്റുഡിയോസ്’ ആണ് ഈ സീരീസ് നിർമ്മിക്കുന്നത്. സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ റൊണാൾഡോ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിക്കും. കേവലം ഒരു ഫുട്ബോൾ കളിക്കാരന്റെ ജീവിതകഥ പറയുന്നതിന് പകരം, ആധുനിക ഫുട്ബോൾ ലോകത്തെ കരുത്തരായ ഏജന്റുമാരുടെ സ്വാധീനവും ഡ്രസ്സിങ് റൂമുകളിലെ അണിയറ നാടകങ്ങളുമാണ് പരമ്പരയുടെ പ്രധാന പ്രമേയം. ലോകപ്രശസ്ത കോമഡി സീരീസായ ‘ടെഡ് ലാസ്സോ’യിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫുട്ബോൾ വ്യവസായത്തിന്റെ ഗൗരവകരമായ യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുന്നതാകും ഈ ബിഗ് ബജറ്റ് ഡ്രാമ.
കളിക്കളത്തിന് പുറത്തുള്ള തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായമാണിതെന്നും, ബിസിനസ്സ് ലോകത്ത് പുതിയ സംരംഭങ്ങളിലേക്ക് കടക്കുന്നതിൽ അതിയായ ആവേശമുണ്ടെന്നും സംരംഭം ആരംഭിച്ച വേളയിൽ റൊണാൾഡോ വ്യക്തമാക്കി. അതേസമയം, മൈതാനത്ത് ക്രിസ്റ്റ്യാനോ സൃഷ്ടിച്ച അത്ഭുതങ്ങൾ തനിക്ക് എഴുതാൻ സാധിക്കുന്നതിലും അപ്പുറമാണെന്നും, അദ്ദേഹത്തിനൊപ്പം പ്രചോദനാത്മകമായ സിനിമകളും സീരീസുകളും നിർമ്മിക്കാൻ കാത്തിരിക്കുകയാണെന്നും സംവിധായകൻ മാത്യു വോൺ പറഞ്ഞു.
നോർത്ത് വെസ്റ്റ് ലണ്ടനിലെ ബാരനറ്റ് എഫ്.സി സ്റ്റേഡിയത്തിലാണ് സീരീസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ആഴ്സണൽ ഇതിഹാസമായ തിയറി ഹെൻറി നിർമ്മാണ പങ്കാളിയാകുന്നതിനൊപ്പം സീരീസിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ലൊക്കേഷനിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പരസ്യങ്ങളിലും വീഡിയോ ഗെയിമുകളിലും നേരത്തെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, 41-കാരനായ റൊണാൾഡോ ഒരു കഥാധിഷ്ഠിത ടിവി ഡ്രാമയിൽ അഭിനയിക്കുന്നത് ഇതാദ്യമായാണ്. ഫുട്ബോൾ ലോകത്തെ അതികായന്മാർ അണിനിരക്കുന്നതുകൊണ്ട് തന്നെ, ഈ സീരീസിന്റെ സ്ട്രീമിങ് അവകാശത്തിനായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കിടയിൽ വൻ പോരാട്ടം തന്നെ നടക്കുമെന്നാണ് വിനോദ ലോകത്തെ വിലയിരുത്തലുകൾ.