പെനാൽറ്റി ഗോളുമായി ക്രിസ്റ്റ്യാനോ, രക്ഷകനായി റാമോസ്; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
പോർച്ചുഗൽ: ആവേശം നിറഞ്ഞു നിന്ന നോക്കൗട്ട് പോരാട്ടത്തിൽ ക്രൊയേഷ്യയെ 2-1 ന് തകർത്ത് പോർച്ചുഗൽ. മൽസരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു പോർച്ചുഗലിൻ്റെ മടങ്ങിവരവ്. പ്രീ-ക്വാർട്ടറിൽ പോർച്ചുഗൽ സ്പെയിനെ നേരിടും. ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ഗൊൺസാലോ റാമോസുമാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. 53-ാം മിനിറ്റിൽ പോർച്ചുഗീസ് ഡിഫൻഡർമാരുടെ ശ്രദ്ധ വഴുതിയത് മുതലെടുത്ത് പെരിസിച്ച് നടത്തിയ ക്ലിനിക്കൽ ഫിനിഷ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. ബോക്‌സിനുള്ളിലേക്ക് വന്ന പന്ത് അതിവിദഗ്ധമായാണ് പെരിസിച്ച് വലയിലാക്കിയത്. ക്രൊയേഷ്യയ്ക്കായി ഏറ്റവുമധികം ലോകകപ്പ് ഗോളുകളെന്ന റെക്കോർഡ് പെരിസിച്ച് പുതുക്കി. പെരിസിച്ചിന്റെ നാലാമത്തെ ലോകകപ്പാണിത്. ലൂക്കാ മോഡ്രിച്ചിനെ പോലെ അവസാനത്തെയും.
അറ്റാക്കിങ്ങിനിടെ ക്രൊയേഷ്യൻ ബോക്‌സിനുള്ളിൽ വെച്ച് പോർച്ചുഗീസ് താരത്തെ ക്രൊയേഷ്യൻ ഡിഫൻഡർ ഫൗൾ ചെയ്തതോടെ ലഭിച്ച പെനാൽറ്റി 68-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളാക്കി. അധികസമയത്ത് ഗൊൺസാലോ റാമോസ് പോർച്ചുഗലിനെ മുന്നിലെത്തിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ പോർച്ചുഗീസ് പ്രതിരോധം കടുത്ത സമ്മർദ്ദത്തിലാക്കാൻ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞിരുന്നു. പ്രതിരോധത്തിലും കൗണ്ടർ അറ്റാക്കിലുമായിരുന്നു ക്രൊയേഷ്യയുടെ ശ്രദ്ധ. അതിൻ്റെ ഫലമായിരുന്നു പെരിസിച്ചിന്റെ ഗോൾ. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചിരുന്നു. പന്തടക്കത്തിലും ആധിപത്യത്തിലും ഗോളവസരങ്ങൾ സൃഷ്‌ടിച്ചതിലും പോർച്ചുഗൽ മികച്ച് നിന്നു. ക്രൊയേഷ്യൽ ബോക്‌സിലേക്ക് നിരന്തരം പാസുകളും ക്രോസുകളുമെത്തിക്കാൻ ബ്രൂണോയ്ക്കും ലിയാവോയ്ക്കും കാൻസെലോയ്ക്കും കഴിഞ്ഞു.