27/07/2026
[fontresizer_tawhidurrahmandear_widget]

എസി കോച്ചിൽ അഗർബത്തിയും വിളക്കും കത്തിച്ച് പൂജ നടത്തി യാത്രക്കാരൻ; റെയിൽവേയിൽ നിന്ന് വിലക്കണമെന്ന് സോഷ്യൽ മീഡിയ

 എസി കോച്ചിൽ അഗർബത്തിയും വിളക്കും കത്തിച്ച് പൂജ നടത്തി യാത്രക്കാരൻ; റെയിൽവേയിൽ നിന്ന് വിലക്കണമെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ എസി കോച്ചിൽ അഗർബത്തിയും നിലവിളക്കും കത്തിച്ച് പൂജ നടത്തി യാത്രക്കാരൻ. യാത്രക്കാരുടെ പരാതികളോ ആശങ്കകളോ ഗൗനിക്കാതെയാണ് ഇയാൾ പൂജ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത്. റെയിൽവേ റിസർവേഷൻ യാത്രയിൽ ഇയാളെ വിലക്കണമെന്ന ആവശ്യവും ശക്തമാണ്. ട്രെയിനിൽ തീയും പുകയും കത്തിക്കുന്നത് വൻ അപകടത്തിന് വഴിവെക്കുമെന്ന ബോധം ഇല്ലാതെയാണ് ഇയാൾ ഈ പൂജ നടത്തിയതെന്ന വിമർശനവും ഉയരുന്നുണ്ട്. ഇത്രയും പേരുടെ ജീവൻ അപകടത്തിലാക്കിയാണോ പ്രാർത്ഥിക്കുന്നതെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി. സഹയാത്രികരിൽ ആരോ പകർത്തിയ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനിൽ ഇത്തരം അപകടകരമായ കാര്യങ്ങൾ ചെയ്ത ആളെ ഉടൻ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.1989ലെ റെയിൽവേ ആക്ട് സെക്ഷൻ 164 പ്രകാരം, അനുമതിയില്ലാതെ ട്രെയിനിലോ റെയിൽവേ വളപ്പിലോ അപകടകരമായോ എളുപ്പത്തിൽ തീപിടിക്കുന്ന രീതിയിലോ ഉള്ള വസ്തുക്കൾ കൊണ്ടുപോകുന്നത് ശിക്ഷാർഹമായ കുറ്റമാണ്. മൂന്ന് വർഷം വരെ തടവുശിക്ഷയോ, ആയിരം രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ഇതുകൂടാതെ, ഉണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള നഷ്ടങ്ങൾക്കോ നാശനഷ്ടങ്ങൾക്കോ നഷ്ടപരിഹാരം നൽകാനും നിയമപ്രകാരം യാത്രക്കാരൻ ബാധ്യസ്ഥനായിരിക്കും.

പടക്കങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, പെട്രോൾ, മണ്ണെണ്ണ, ആസിഡ്, സ്റ്റൗ, ഉണങ്ങിയ പുല്ല്/ഇലകൾ എന്നിവയ്‌ക്കൊപ്പം കത്തിച്ചുവെച്ച ദീപങ്ങളോ അഗർബത്തികളോ പോലും ഈ പരിധിയിൽ വരും. ലക്ഷക്കണക്കിന് യാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ റെയിൽവേയുടെ ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പറായ 139 വഴി അധികൃതരെ വിവരമറിയിക്കാൻ റെയിൽവേ അഭ്യർത്ഥിക്കുന്നു.

Also read: