4 വർഷത്തിനിടെ ട്രെയിനിലെ 1.27 കോടി ബെഡ്ഷീറ്റുകളും ടവ്വലുകളും മോഷ്ടിക്കപ്പെട്ടു; 104.51 കോടിയുടെ നഷ്ടം
ന്യൂഡൽഹി: നാല് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർ 1.27കോടിയിലധികം ബെഡ്ഷീറ്റുകളും ടവ്വലുകൾ മോഷ്ടിച്ചതായി റിപ്പോർട്ട്. 2022 ജനുവരി മുതൽ 2026 മെയ് മാസം വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ മോഷണം നടന്നിരിക്കുന്നത്. ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, തലയിണകൾ, തലയിണക്കവറുകൾ, ഫേസ് ടവലുകൾ (മുഖം തുടയ്ക്കുന്ന ചെറിയ തോർത്ത്) എന്നിവയാണ് യാത്രക്കാർ വ്യാപകമായി കടത്തിക്കൊണ്ടുപോയത്.
ഇതുവഴി റെയിൽവേയുടെ ബെഡ്റോൾ കരാറുകാർക്ക് ഏകദേശം 104.51 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ 69 റെയിൽവേ ഡിവിഷനുകളിൽ 54 എണ്ണത്തിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന ഓരോ ആയിരം യാത്രക്കാരിൽ ഒരാൾ വീതമെങ്കിലും ഒരു ബെഡ്ഷീറ്റ് സ്വന്തം ബാഗിലാക്കി കൊണ്ടുപോകുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതിൽ യാത്രക്കാർ ഏറ്റവും കൂടുതൽ മോഷ്ടിച്ചിരിക്കുന്നത് ബാഗുകളിൽ എളുപ്പത്തിൽ ഒളിപ്പിക്കാൻ കഴിയുന്ന ഫേസ് ടവലുകളാണ്. നാല് വർഷത്തിനിടെ 46.54 ലക്ഷം ടവലുകളാണ് കാണാതായത്. തൊട്ടുപിന്നാലെയുള്ള ബെഡ്ഷീറ്റുകൾ 41.13 ലക്ഷവും, തലയിണക്കവറുകൾ 23.59 ലക്ഷവും, പുതപ്പുകൾ 12.95 ലക്ഷവും, തലയിണകൾ 2.76 ലക്ഷവും മോഷണം പോയിട്ടുണ്ട്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ മാത്രം ഇത്തരം മോഷണങ്ങളിൽ 56 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ മൊത്തം മോഷണത്തിന്റെ 67 ശതമാനവും നടന്നിരിക്കുന്നത് വെറും 10 റെയിൽവേ ഡിവിഷനുകളിലാണ്. ഇതിൽ 25.76 ലക്ഷം തുണിത്തരങ്ങൾ നഷ്ടപ്പെട്ട രാജസ്ഥാനിലെ ബിക്കാനീർ ഡിവിഷനാണ് മോഷണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. റാഞ്ചി, ഡൽഹി, മുംബൈ, ജോധ്പൂർ എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റ് പ്രധാന ഡിവിഷനുകൾ. എന്നാൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയും കേരളത്തിലെ പാലക്കാട് ഡിവിഷനും ഒരു മോഷണം പോലും റിപ്പോർട്ട് ചെയ്യാതെ മാതൃകയായി.
തുണിത്തരങ്ങൾ കാണാതാകുമ്പോൾ സംഭവിക്കുന്ന ഈ വലിയ സാമ്പത്തിക നഷ്ടം പലപ്പോഴും റെയിൽവേ ഉദ്യോഗസ്ഥരെയല്ല, മറിച്ച് ട്രെയിനുകളിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന എസി കോച്ച് അറ്റൻഡർമാരെയാണ് ബാധിക്കുന്നത്. മോഷണം പോകുന്ന ഓരോ സാധനത്തിനും നിശ്ചിത തുക വീതം കരാറുകാർ ഈ പാവപ്പെട്ട ജീവനക്കാരുടെ ശമ്പളത്തിൽ നിന്നാണ് ഈടാക്കുന്നത്.
ഇത്തരത്തിൽ ജീവനക്കാരുടെ കയ്യിൽ നിന്നും വൻതുക നഷ്ടപ്പെടുന്നത് ഒഴിവാക്കാനും മോഷണം തടയാനുമായി കോച്ചുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, കപ്പൽ യാത്രക്കാരുടെ വിവരങ്ങൾ ട്രാക്ക് ചെയ്യാൻ ‘കോച്ച് മിത്ര’ ആപ്പ് ഉപയോഗിക്കുക, യാത്രക്കാർ ട്രെയിൻ ഇറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് തന്നെ തുണിത്തരങ്ങൾ തിരികെ ശേഖരിക്കുക തുടങ്ങിയ കർശന നടപടികൾ റെയിൽവേ ഇപ്പോൾ നടപ്പിലാക്കി വരികയാണ്. സംശയാസ്പദമായ സാഹചര്യങ്ങളിൽ യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.