കേരള യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം; 30,000 രൂപയുടെ നാശനഷ്ടമെന്ന് എഫ്‌ഐആർ
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. കെഎസ്‌യു പ്രവർത്തകനെ മർദിച്ചതിനും 30,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായും പോലീസിനെ ആക്രമിച്ചതായും എഫ്‌ഐആർ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആദ്യത്തെ എഫ്‌ഐആർ രാവിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനോട് ഐഡി കാർഡ് ചോദിക്കുകയും അത് നൽകാത്തതിനെ തുടർന്ന് സംഘം ചേർന്ന് മർദിച്ചുവെന്ന പരാതിയെ തുടർന്നാണ്. രണ്ടാമത്തെ സംഘർഷം തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ നടത്തിയ ആഹ്ലാദ പ്രകടനം പാളയത്ത് എത്തിയപ്പോൾ ഉണ്ടായ സംഘർഷമാണ്. പരസ്പരം കല്ലെറിഞ്ഞ ശേഷം ഇത് തടയാൻ ശ്രമിച്ച പോലീസുകാരെയും എസ്എഫ്‌ഐ പ്രവർത്തകർ അക്രമിച്ചതായും ആരോപണമുണ്ട്. ആക്രമണത്തിൽ മ്യൂസിയം എസ്.എച്ച്.ഒ അനൂപിന്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞെന്നും മറ്റ് പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
അക്രമാസക്തരായ എസ്എഫ്‌ഐ പ്രവർത്തകർ സർക്കാർ വാഹനത്തിന്റെ മുൻവശത്തെ ചില്ല് തകർക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. സംഭവത്തിൽ എസ്എഫ്‌ഐ നേതാക്കളായ ആദർശ്, നന്ദൻ, സംഗീത്, ആദിത്യ ശങ്കർ എന്നിവരടക്കം 10 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50ഓളം പേർക്കെതിരെയും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. നിയമവിരുദ്ധമായി ഒത്തുചേരൽ, പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.