03/06/2026
[fontresizer_tawhidurrahmandear_widget]

വിദ്യയുടെ കഴുത്തില്‍ മാല ചാര്‍ത്തി ആര്‍ഷോ; തൃക്കരിപ്പൂരിൽ ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം

 വിദ്യയുടെ കഴുത്തില്‍ മാല ചാര്‍ത്തി ആര്‍ഷോ; തൃക്കരിപ്പൂരിൽ ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം

കാസർകോട്: എസ്എഫ്ഐ മുൻ സംസ്‌ഥാന സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് റജിസ്ട്രാർ ഓഫിസിൽ വെച്ചായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യയും പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോയും ഏറെ നാളായി പ്രണയത്തിലായിരുന്നു.

വളരെ അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി. സാനു, എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ്, മുൻ സംസ്‌ഥാന പ്രസിഡന്റും കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവുമായ കെ. അനുശ്രീ തുടങ്ങിയ പ്രമുഖ യുവജന നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവാഹത്തിന് ശേഷം പയ്യന്നൂരിലെ ഒരു ഹോട്ടലിലാണ് അതിഥികൾക്കായി ഭക്ഷണം ക്രമീകരിച്ചിരുന്നത്. ചടങ്ങുകൾ പൂർത്തിയാക്കി ആർഷോയും വിദ്യയും ഇന്ന് തന്നെ പാലക്കാട്ടേക്ക് തിരിക്കും.

എറണാകുളം മഹാരാജാസ് കോളജിൻ്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പൂർവവിദ്യാർഥിനിയായ കെ. വിദ്യയ്ക്കെതിരെ 2023-ൽ പൊലീസ് കേസെടുത്തിരുന്നു. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിൽ മലയാളം ഗെസ്‌റ്റ് ലക്‌ചറർ തസ്‌തികയിലേക്ക് നിയമനം നേടുന്നതിനായി മഹാരാജാസ് കോളജിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നതായിരുന്നു കേസ്. ഇതിന് പുറമെ കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ നൽകിയ പരാതിയിലും വിദ്യക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസ് ഉയർന്നുവന്ന സമയത്ത് വിദ്യയെ സിപിഎം രാഷ്ട്രീയമായി സംരക്ഷിക്കുകയാണെന്ന കടുത്ത ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Also read: