അൽപം ഭാഗ്യംകൂടി ഇരിക്കട്ടെ..; കല്യാണത്തിന് വന്നവർക്ക് സദ്യക്കൊപ്പം കാരുണ്യ ലോട്ടറി സമ്മാനിച്ച് കുടുംബം
തിരുവനന്തപുരം: കല്യാണത്തിന് പോകുമ്പോൾ നല്ലൊരു സദ്യയും വധൂവരന്മാർക്ക് ആശംസകളും മാത്രമാണ് അതിഥികൾ പ്രതീക്ഷിക്കാറുള്ളത്. എന്നാൽ ബുധനാഴ്ച തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്ക് ലഭിച്ചത് അപ്രതീക്ഷിതമായ ഒരു സർപ്രൈസ് സമ്മാനമായിരുന്നു. സദ്യ കഴിഞ്ഞ് കൈകഴുകി ഇറങ്ങിയ അതിഥികൾക്കെല്ലാം ഒരു വെള്ളക്കവർ കൈമാറി. തുറന്നു നോക്കിയപ്പോൾ അതിൽ ഇന്ന് നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ട് ടിക്കറ്റുകൾ!
ഹെതർ ഹോംസ് ഉടമ എസ്.എം. രാജീവിന്റെയും സചിത്രയുടെയും മകൾ സമൃദ്ധിനിയും, കരമന നെടുങ്കാട് സ്വദേശി പത്മനാഭൻ തമ്പിയും തമ്മിലുള്ള വിവാഹമായിരുന്നു വേദി. മകളുടെ വിവാഹത്തിനെത്തിയവർക്ക് ഭാഗ്യപരീക്ഷണത്തിന് ഒരു അവസരം നൽകാൻ രാജീവ് തീരുമാനിക്കുകയായിരുന്നു. ലോട്ടറി അടിക്കുകയാണെങ്കിൽ അതിഥികളിൽ ആർക്കുവേണമെങ്കിലും ഒരു കോടി രൂപ വരെ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഈ ‘റിട്ടേൺ ഗിഫ്റ്റിലൂടെ’ ഒരുങ്ങിയത്.
സമ്മാനമായി ലോട്ടറി നൽകുന്നത് രാജീവിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. മുൻപ് സ്വന്തം വീടിന്റെ ഗൃഹപ്രവേശനത്തിന് എത്തിയവർക്കും അദ്ദേഹം ലോട്ടറി ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. അന്ന് അതിഥികളിൽ പലർക്കും 50,000 രൂപ വീതം സമ്മാനം ലഭിച്ചിരുന്നു എന്നതും ഈ കൗതുകം ഇരട്ടിപ്പിക്കുന്നു. സദ്യയുടെ സ്വാദിനൊപ്പം ഒരു കോടി രൂപയുടെ സ്വപ്നങ്ങളും പേറിയാണ് ഇത്തവണ അതിഥികൾ മടങ്ങിയത്.