‘ബാബരി മസ്ജിദ് തകർക്കരുതായിരുന്നുവെന്ന് പറയുന്നത് രാജ്യവിരുദ്ധമല്ല’: ബോംബെ ഹൈക്കോടതി
മുംബൈ: അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കരുതായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നത് ഒരിക്കലും ‘രാജ്യവിരുദ്ധമെന്ന്’ വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പ്രവർത്തകനെതിരെ മുംബൈ പോലീസ് പുറപ്പെടുവിച്ച നാടുകടത്തൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിർണായക നിരീക്ഷണം നടത്തിയത്.
പൗരന്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ വെച്ചുപുലർത്താൻ അവകാശമുണ്ടെന്നും ജസ്റ്റിസ് മാധവ് ജാംദാർ വ്യക്തമാക്കി. ഒരു വർഷത്തേക്ക് മുംബൈയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് എസ്.ഡി.പി.ഐ ഭാരവാഹിയായ ഫിറോസ് അബ്ദുൾ വഹാബ് ഖാനെതിരെ പുറപ്പെടുവിച്ച ഉത്തരവാണ് കോടതി റദ്ദാക്കിയത്. മറ്റൊരു എസ്.ഡി.പി.ഐ പ്രവർത്തകനായ മുഹമ്മദ് റഫീഖ് ഗുലാം റസൂൽ അൻസാരി നൽകിയ സമാനമായ ഹർജി കോടതിയുടെ പരിഗണനയിലാണ്.
2024, 2025 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത മൂന്ന് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിൽ 2025 ഡിസംബറിലാണ് മുംബൈ പൊലീസ് ഇവർക്കെതിരെ നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം, ചെമ്പൂർ-ഗോവണ്ടി മേഖലയിലെ സിമൻ്റ് ഗോഡൗണുകൾ ഉണ്ടാക്കുന്ന വായു മലിനീകരണത്തിനെതിരായ സമരം, ബാബരി മസ്ജിദ് തകർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം എന്നിവയുടെ പേരിലായിരുന്നു കേസുകൾ. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും ഇതേ പ്രതിഷേധങ്ങളിൽ പങ്കെടുത്തിരിക്കെ ഹർജിക്കാരെ മാത്രം എന്തിനാണ് ലക്ഷ്യമിട്ടതെന്ന് വാദത്തിനിടെ ജസ്റ്റിസ് ജാംദാർ ചോദിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും എഫ്.ഐ.ആർ ഉണ്ടായിട്ടും ഇവരെ മാത്രം ഒറ്റപ്പെടുത്തുകയാണെന്നും, കോൺഗ്രസ്, ശിവസേന (ഉദ്ധവ് പക്ഷം) എന്നീ പാർട്ടികളുടെ പ്രവർത്തകർക്കെതിരെ നടപടിയെടുത്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഒരു പ്രത്യേക മതത്തിൽപ്പെട്ടവരായതുകൊണ്ടാണോ ഇവർക്കെതിരെ മാത്രം നടപടിയെടുത്തതെന്നും ജഡ്ജി വാക്കാൽ ചോദിച്ചു.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ പരാമർശിച്ച കോടതി, പള്ളി തകർക്കരുതായിരുന്നു എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാകുന്നില്ലെന്ന് വ്യക്തമാക്കി. ബാബരി മസ്ജിദ് പൊളിക്കരുതായിരുന്നു എന്നത് അവരുടെ കാഴ്ചപ്പാടാണ്, അതെങ്ങനെയാണ് രാജ്യവിരുദ്ധമാവുകയെന്നും, ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് ജാംദാർ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിനിടെ മുഴക്കിയ മുദ്രാവാക്യങ്ങൾ വർഗീയ സംഘർഷത്തിന് കാരണമാകുമെന്ന സർക്കാരിൻ്റെ വാദം തെളിയിക്കുന്നതിനുള്ള യാതൊരു രേഖകളും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് സാമൂഹിക സൗഹാർദ്ദം തകർക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമുള്ള മഹാരാഷ്ട്ര സർക്കാരിൻ്റെ വാദവും ഹൈക്കോടതി തള്ളി. ഊഹങ്ങളുടെ അടിസ്ഥാനത്തിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കാനാവില്ലെന്നും, ഒരു വ്യക്തിയുടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തെ നിയന്ത്രിക്കുന്ന അസാധാരണമായ നടപടിയാണ് നാടുകടത്തൽ ഉത്തരവെന്നും കോടതി ഓർമ്മിപ്പിച്ചു.
നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പി.എഫ്.ഐ) ഹർജിക്കാർക്ക് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. കാരണം കാണിക്കൽ നോട്ടീസിൽ ഈ ആരോപണം ഉൾപ്പെടുത്തിയിരുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. നിലവിൽ അന്വേഷണത്തിലിരിക്കുന്ന കേസുകൾ മാത്രം നാടുകടത്തൽ നടപടികൾക്ക് അടിസ്ഥാനമാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. രേഖകൾ പരിശോധിച്ച ശേഷം, ഫിറോസ് അബ്ദുൾ വഹാബ് ഖാനെതിരെയുള്ള നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കാണിച്ച് ഹൈക്കോടതി അത് റദ്ദാക്കുകയായിരുന്നു. അതേസമയം, മുഹമ്മദ് റഫീഖ് ഗുലാം റസൂൽ അൻസാരിക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം മറ്റൊരു കേസ് നിലവിലുണ്ടെന്ന് സർക്കാർ അറിയിച്ചതിനാൽ അദ്ദേഹത്തിൻ്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഓഗസ്റ്റ് ആറിലേക്ക് മാറ്റി.