ജയിലിൽ 48 ദിവസത്തിനിടെ കുറഞ്ഞത് 21 കിലോ ഭാരം; പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
മുംബൈ: 48 ദിവസത്തിനിടെ 21 കിലോഗ്രാം ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന 59കാരനായ രാധാമോഹൻ മിശ്രക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലിലായതിന് ശേഷം ഇയാളുടെ ശരീരഭാരം 21 കിലോഗ്രാം കുറഞ്ഞുവെന്നും ഇത് കേവലം നിസ്സാരമായി കാണാനാകില്ലെന്നും വളരെ ആശങ്കാജനകമാണെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ജൂണിലാണ് രാധാമോഹൻ മിശ്ര അറസ്റ്റിലാകുന്നത്. അയൽക്കാരുമായി നിലനിന്നിരുന്ന തർക്കത്തെ തുടർന്ന് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. തുടർന്ന് വിചാരണ തടവുകാരനായി ഇയാളെ ജയിലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ തടവിൽ കഴിയുന്നതിനിടെ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ ഇയാൾ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. കസ്റ്റഡിയിൽ കഴിയവേ ഛർദ്ദി, തലകറക്കം, ബോധക്ഷയം, നിർജ്ജലീകരണം, കടുത്ത തളർച്ച തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിട്ടതായി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 48 ദിവസത്തെ ജയിൽവാസത്തിനിടെ ഇത്രയും അധികം തൂക്കം കുറഞ്ഞത് ആരോഗ്യത്തിന് ഏറെ അപകടകരമാണെന്നും പ്രതിയുടെ നിലവിലെ സാഹചര്യം ആശങ്ക ഉയർത്തുന്നതാണെന്നും കോടതി വിലയിരുത്തി.
പ്രതി ഇനിയും കസ്റ്റഡിയിലോ ജയിൽ ആശുപത്രിയിലോ തുടർന്ന് കഴിഞ്ഞാൽ ആരോഗ്യം തിരിച്ചുപിടിക്കാൻ കഴിയാത്തവിധം തകരാൻ ഇടയാക്കുമെന്ന് ജസ്റ്റിസ് മിലിന്ദ് ജാദവിന്റെ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം തേടുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാറുണ്ടെന്നത് സത്യമാണെങ്കിലും, ഇത്തരത്തിലുള്ള വ്യക്തമായ സാഹചര്യങ്ങളിൽ ജാമ്യമാണ് നിയമം എന്ന തത്വം നടപ്പിലാക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. മാസങ്ങൾ മാത്രം നീണ്ട ജയിൽവാസം പ്രതിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വിദഗ്ദ്ധ ചികിത്സയും കൃത്യമായ ഭക്ഷണക്രമവും നിരന്തരമായ പരിചരണവും അനിവാര്യമാണെന്നും ബെഞ്ച് വ്യക്തമാക്കി.
തനിക്ക് 59 വയസ്സുണ്ടെന്നും മുൻപ് തന്നെ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും രാധാമോഹൻ മിശ്ര കോടതിയെ അറിയിച്ചു. 2025-ൽ സ്ലീവ് ഗ്യാസ്ട്രെക്ടമി ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ് താനെന്നും അതിൽ ആമാശയത്തിന്റെ 80 ശതമാനവും നീക്കം ചെയ്തിരുന്നതായും ഇയാൾ അപേക്ഷയിൽ പറഞ്ഞു. തുടർന്ന് ദ്രവരൂപത്തിലുള്ള പ്രത്യേക ഭക്ഷണക്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്. എന്നാൽ അറസ്റ്റിന് ശേഷം ജയിലിൽ തനിക്ക് ഈ ഭക്ഷണക്രമം പാലിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇതിനാലാണ് 21 കിലോ ഭാരം പെട്ടെന്ന് കുറഞ്ഞതെന്നും ഇത് ജീവന് തന്നെ അപകടകരമാണെന്നും ഇയാൾ വാദിച്ചു.
അതേസമയം, പ്രോസിക്യൂഷൻ ഇയാളുടെ ജാമ്യാപേക്ഷയെ ശക്തിയായി എതിർത്തു. ഇയാളുടെ രോഗം ജീവന് ഭീഷണിയല്ലെന്നും ജയിൽ ആശുപത്രിയിൽ തന്നെ ആവശ്യമായ ചികിത്സ നൽകാനാകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ഒരാൾക്ക് ലഭിക്കുന്ന ചികിത്സയും സ്വതന്ത്രനായ ഒരു പൗരന് പുറത്തുനിന്ന് ലഭിക്കുന്ന പരിചരണവും തമ്മിൽ വലിയ ഗുണനിലവാര വ്യത്യാസമുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് രണ്ടുലക്ഷം രൂപയുടെ ബോണ്ടിൽ രാധാമോഹൻ മിശ്രക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.