വില്ലൻ തണ്ണിമത്തൻ അല്ല: അവയവങ്ങൾ പച്ചനിറത്തിൽ, മുംബൈയിലെ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത
മുംബൈ: മുംബൈയിൽ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം തണ്ണിമത്തൻ കഴിച്ചതുകൊണ്ടുണ്ടായ ഭക്ഷ്യവിഷബാധയല്ലെന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. അബ്‌ദുള്ള ഡോകാഡിയ, ഭാര്യ നസ്രീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരുടെ മരണകാരണം തണ്ണിമത്തനല്ലെന്ന് തെളിഞ്ഞതോടെ സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിൽ കണ്ടെത്തിയത് ഡോക്ടർമാരെയും അന്വേഷണസംഘത്തെയും ഞെട്ടിച്ചിട്ടുണ്ട്. കടുത്ത വിഷബാധയേറ്റാലല്ലാതെ അവയവങ്ങൾക്ക് ഇത്തരത്തിൽ നിറംമാറ്റം സംഭവിക്കാറില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വിരുന്നിന് ശേഷം പുലർച്ചെ തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു. എന്നാൽ സാധാരണ ഭക്ഷ്യവിഷബാധയല്ല ഇതെന്ന സൂചനയാണ് ഫോറൻസിക് പരിശോധന നൽകുന്നത്. മരിച്ച അബ്ദുള്ള ഡോകാഡിയയുടെ ശരീരത്തിൽ ശക്തമായ വേദനസംഹാരിയായ മോർഫിന്റെ (morphine) സാന്നിധ്യം കണ്ടെത്തിയതും കേസിൽ വഴിത്തിരിവായി. ഇത്രയധികം മോർഫിൻ എങ്ങനെ ശരീരത്തിലെത്തിയെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. തണ്ണിമത്തൻ കഴിച്ചതാണ് മരണകാരണമെന്ന വാർത്തകൾ പരന്നതോടെ വിപണിയിൽ തണ്ണിമത്തൻ വിൽപ്പന ഇടിഞ്ഞിരുന്നു. എന്നാൽ രാസപരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ മരണത്തിന് കാരണമായ യഥാർത്ഥ വിഷാംശം ഏതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.