21/07/2026
[fontresizer_tawhidurrahmandear_widget]

ആളുകളെ കൂട്ടാൻ കോംബോ ഓഫർ; ഷവായയും ഷവർമയും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ, കട പൂട്ടിച്ചു

 ആളുകളെ കൂട്ടാൻ കോംബോ ഓഫർ; ഷവായയും ഷവർമയും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ, കട പൂട്ടിച്ചു

തിരുവനന്തപുരം: കോംബോ ഓഫർ കണ്ട് ഷവായയും ഷവർമയും കഴിച്ച് 21 പേർക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം കടയ്ക്കാവൂരിലായിരുന്നു സംഭവം. ഇതിൽ 12 പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്‌കൂളിനു സമീപത്തുള്ള കടയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.

സൂപ്പർ മാർക്കറ്റിനോട് ചേർന്ന് അടുത്തിടെ ആരംഭിച്ച ‘സിഗ്നേച്ചർ ഡിഷസിൽ’ നിന്നാണ് ഇവർ ഭക്ഷണം വാങ്ങി കഴിച്ചത്. ഷവായയും ഷവർമ്മയും കഴിച്ചവരാണ് വിഷബാധയേറ്റവരിലേറെയും. കടയ്ക്കാവൂർ നിവാസികളായ ഗിരീഷ്, ദീപ, ഹരിതകർമസേനാംഗം ശുഭ, സ്നേഹ, സംഗീത്, അയാന്തിവിള സ്വദേശികളായ പ്രിയറാണി, രത്നമ്മ, ബിജു, മണി, ആറ് വയസ്സുകാരി ദക്ഷിണ എന്നിവരും അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഗിരീശൻ, ഉദയകുമാർ, നിരുപമ, ഗ്രീഷ്‌മ, ഗൗരി നന്ദ, ഗൗതം കൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ഷിബിൻ, ഭാര്യ മിന്നു, മക്കളായ സെയിൽ, ആമി, അമ്മ ലാലി എന്നിവരും ആശുപത്രിയിൽ ചികിത്സ തേടിയവരിൽ ഉൾപ്പെടുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

ആദ്യഘട്ടത്തിൽ കപ്പയും ബീഫുമായിരുന്നു ഈ കടയിൽ വിറ്റിരുന്നത്. പിന്നീടാണ് ഷവർമ്മയും ഷവായും അടക്കമുള്ള ഫാസ്റ്റ് ഫുഡ് വിൽപ്പനയിലേക്ക് തിരിഞ്ഞത്. ആളുകളെ ആകർഷിക്കാൻ ഓപ്പണിങ് ഓഫർ ആയാണ് ഇവർ കുറഞ്ഞ വിലയിൽ കോംബോ ഓഫർ നൽകി വിൽപ്പന നടത്തിയത്. തിങ്കളാഴ്‌ച ഇവിടെനിന്നു ഭക്ഷണം വാങ്ങി കഴിച്ചവർക്ക് വയറിളക്കം, ഛർദി, തലകറക്കം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുകയായിരുന്നു. കടയിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി വീട്ടിൽ കൊണ്ടുപോയി കഴിച്ചവർക്കാണ് കൂടുതലായും വിഷബാധയേറ്റത്. കടയ്ക്കാവൂർ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും മതിയായ രേഖകളില്ലാതെയാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി കട പൂട്ടിക്കുകയും ചെയ്തു.

Also read: