‘സുഗതൻ ജനങ്ങൾക്ക് പറ്റിയ അബദ്ധം; ബിജെപി അധികാരത്തിൽ വന്നതിന് ശേഷം തിരുവനന്തപുരം നാറി’: വി. ശിവൻകുട്ടി
തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ഇതുപോലെ ഒരു ഗുണ്ടാ തലവൻ ഉണ്ടായിട്ടില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞു. വഴോട്ട്കോണം ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭയിൽ റീൽസ് ഭരണമാണെന്നും സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ ശിവൻകുട്ടി പരിഹസിച്ചു.
“ബിജെപി കോർപ്പറേഷനിൽ അധികാരത്തിൽ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോർപ്പറേഷനുള്ളിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധ ശേഖരം ഉണ്ടെന്ന് ന്യായമായി സംശയിക്കുന്നു. പോലീസ് പരിശോധന നടത്തണം. മേയറും ഡെപ്യൂട്ടി മേയറും രാവിലെ മുതൽ റീൽസ് ചെയ്യുന്നതാണ് പണി”, വി. ശിവൻകുട്ടി ആരോപിച്ചു.
ഇങ്ങനെ ക്രിമിനൽ സ്വഭാവമുള്ള ഒരാൾ കൗൺസിലറായി ഇതുവരെ ഇരുന്നിട്ടില്ലെന്ന് സുഗതനെ കുറിച്ച് മുൻ മന്ത്രി കെ.എൻ. ബാലഗോപാലും പ്രതികരിച്ചു. ഉത്തരേന്ത്യൻ രാഷ്ട്രീയം നടപ്പാക്കാൻ കേരളത്തിൽ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുഗതന്റെ പേരിൽ ഉള്ളത് രാഷ്ട്രീയ കേസുകൾ അല്ലെന്നും കൂട്ടിച്ചേർത്തു. “കേരളത്തെ ഉത്തരേന്ത്യയെ പോലെ ആക്കാൻ ആണ് ബിജെപി ശ്രമം. ആർ. ശ്രീലേഖയെ പോലുള്ളവർ കാപ്പ കേസ് പ്രതിക്ക് വേണ്ടി തെരുവിൽ മുദ്രാവാക്യം വിളിച്ചു. ഇവരാണല്ലോ മുൻ ഡിജിപി ആയി ഇരുന്നത്”, കെ.എൻ. ബാലഗോപാൽ പറഞ്ഞു.
സുഗതന്റെ അറസ്റ്റിനെ കുറിച്ച് ‘തോറ്റ് തൊപ്പി ഇട്ട ഡിജിപി’ പറഞ്ഞത് പട്ടി ഷോ ആണെന്ന് ആർ. ശ്രീലേഖയെ ഉന്നംവെച്ച് സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയ്‌യും അഭിപ്രായപ്പെട്ടു. നിങ്ങളുടെ കാലത്ത് പട്ടി ഷോ ആയിരുന്നോ എന്ന് ചോദിച്ച ജോയ്, 23-ന് മുൻപ് കൗൺസിലറെ പുറത്താക്കിയില്ലെങ്കിൽ കോർപ്പറേഷന് മുന്നിൽ ഇടത് കൗൺസിലർമാർ റിലേ സത്യാഗ്രഹം ഇരിക്കുമെന്നും പ്രഖ്യാപിച്ചു.
വധശ്രമക്കേസിൽ ഒളിവിലായിരുന്ന സുഗതനെ നാടകീയ രംഗങ്ങൾക്കൊടുവിലായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. കാപ്പ ചുമത്തിയിട്ടുള്ള ഇയാളെ അറസ്റ്റ് ചെയ്യാൻ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. പിടികൂടാനെത്തിയ പോലീസിനെ സുഗതന്റെ അനുയായികൾ വളഞ്ഞതിനെ തുടർന്ന് എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. സുഗതന്റെ അനുയായികളുടെ ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ താൻ ഒളിവിലായിരുന്നില്ല എന്നും ചിക്കൻ പോക്സ് ആയതിനാൽ വിശ്രമത്തിലായിരുന്നു എന്നുമായിരുന്നു സുഗതന്റെ വാദം. സുഗതനെതിരെ പോലീസിനെ ആക്രമിച്ചതിനും നിലവിൽ പോലീസ് കേസെടുത്തിട്ടുണ്ട്.