‘പ്രതിപക്ഷത്തായിരുന്നപ്പോഴാണ് ചോദ്യങ്ങൾ ചോദിച്ചിരുന്നത്, ഇപ്പോൾ ഭരണപക്ഷത്താണ് ,എൻ്റെ റോൾ മാറി’; നീറ്റ് വിവാദത്തിൽ മൗനം വെടിഞ്ഞ് രാഘവ് ഛദ്ദ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിന് ശേഷം ആദ്യമായി പാർലമെന്റിൽ പ്രതികരിച്ച് രാജ്യസഭാ എം.പി രാഘവ് ഛദ്ദ. രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് വഴിവെച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ ഇതുവരെ അദ്ദേഹം യാതൊരു അഭിപ്രായവും പറഞ്ഞിരുന്നില്ല. ഒടുവിൽ മൗനം വെടിഞ്ഞ അദ്ദേഹം, തന്റെ പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ചും നീറ്റ് വിവാദത്തെക്കുറിച്ചും സഭയിൽ സംസാരിച്ചു.
പ്രതിപക്ഷത്തായിരുന്നപ്പോൾ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുക എന്നതായിരുന്നു തന്റെ കടമയെന്ന് രാഘവ് ഛദ്ദ പറഞ്ഞു. എന്നാൽ ഇപ്പോൾ താൻ ഭരണപക്ഷത്തിന്റെ ഭാഗമാണെന്നും, അതിനാൽ വെറുതെ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും പ്രസ്താവനകൾ നടത്തുന്നതിലുമല്ല, മറിച്ച് കൃത്യമായ ഫലമുണ്ടാക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് വിഷയത്തിൽ കൃത്യമായൊരു പരിഹാരം കാണുന്ന ദിവസം മാത്രമേ പാർലമെന്റിൽ സംസാരിക്കൂ എന്ന് താൻ പ്രതിജ്ഞയെടുത്തിരുന്നതായും അദ്ദേഹം സഭയിൽ അവകാശപ്പെട്ടു.
ഡൽഹിയിലും മറ്റ് സ്ഥലങ്ങളിലും പോയി മികച്ച ഭാവിക്കായി കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും വേദനയും അമർഷവും തികച്ചും ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വിദ്യാർത്ഥികൾ നേരിടുന്ന ഈ വലിയ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കുടുംബനാഥനെപ്പോലെയാണ് ഇടപെട്ടതെന്നും, അവരുടെ പ്രശ്നങ്ങൾ കേട്ട് ചോദ്യപ്പേപ്പർ ചോർച്ച തടയാൻ രാജ്യത്ത് ആദ്യമായി ശക്തമായൊരു നിയമം കൊണ്ടുവന്നത് ഈ സർക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്ചകളെക്കുറിച്ചോ ജനവിരുദ്ധ നയങ്ങളെക്കുറിച്ചോ യാതൊരു വിമർശനവും ഉന്നയിക്കാൻ അദ്ദേഹം തയ്യാറായില്ല എന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്.