29/07/2026
[fontresizer_tawhidurrahmandear_widget]

‘വിദ്യാർത്ഥികളുടെ ചോരയിൽ ആഭ്യന്തരമന്ത്രി പെല്ലറ്റുകൾ നിറച്ചു’; പാർലമെന്റിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനങ്ങൾ

 ‘വിദ്യാർത്ഥികളുടെ ചോരയിൽ ആഭ്യന്തരമന്ത്രി പെല്ലറ്റുകൾ നിറച്ചു’; പാർലമെന്റിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനങ്ങൾ

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയ്ക്കും തുടർന്നുണ്ടായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും പിന്നാലെ പാർലമെന്റിൽ ദിവസങ്ങളോളം നീണ്ടുനിന്ന തടസ്സങ്ങൾക്ക് ശേഷം ബുധനാഴ്ച ലോക്സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ 2026-ന്മേലുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച രാഹുൽ ഗാന്ധി, അടുത്തിടെ രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ശക്തമായി പ്രശംസിച്ചു. നമ്മുടെ യുവാക്കൾ ചെയ്തതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണമെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.

തെരുവുകളിൽ വിദ്യാർത്ഥികൾ നടത്തിയ സമരം വെറുപ്പോ അക്രമമോ ദേഷ്യമോ ആയിരുന്നില്ലെന്നും, അത് ഇന്ത്യയുടെ ഭാവി തലമുറയുടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും ശക്തമായ പ്രകടനമായിരുന്നുവെന്നും ബി.ജെ.പി അംഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും അവരുടെ ശബ്ദത്തെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കൾ സ്വന്തം മക്കളോട് പോയി ചോദിച്ചാൽ പോലും അവർ ഈ സമരത്തെ പിന്തുണയ്ക്കുന്നതായി കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജന്തർ മന്തറിൽ വെച്ച് സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി നടത്തിയ സംഭാഷണം രാഹുൽ ഗാന്ധി സഭയിൽ പങ്കുവെച്ചു. ആരാണ് ഒരു വിദ്യാർത്ഥി എന്ന ചോദ്യത്തിന് അവിടെയുള്ള ഒരു പെൺകുട്ടി നൽകിയ മനോഹരമായ മറുപടിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, തുറന്ന മനസ്സും ഹൃദയവുമുള്ള, തങ്ങൾക്ക് എല്ലാം അറിയില്ല എന്ന് അംഗീകരിക്കാനുള്ള എളിമയുള്ള ആളാണ് വിദ്യാർത്ഥിയെന്ന് വ്യക്തമാക്കി. അറിവ് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് വിദ്യാർത്ഥി മനസ്സിലാക്കുന്നു. എന്നാൽ തങ്ങൾക്ക് എല്ലാം അറിയാമെന്ന് വിശ്വസിക്കുന്ന, ലോകം നിശ്ചലമാണെന്നും അറിവ് തങ്ങളിൽ നിന്നുതന്നെയാണ് ഉണ്ടാകുന്നതെന്നും കരുതുന്ന അഹങ്കാരികളായ മറ്റൊരു വിഭാഗം ആളുകളുണ്ടെന്നും മറ്റുള്ളവരുടെ സത്യങ്ങളെ അവർ ബഹുമാനിക്കുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം കടുത്ത ക്രൂരത നിറഞ്ഞതും, കച്ചവടവൽക്കരിക്കപ്പെട്ടതും, ചെലവേറിയതുമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സർക്കാരിന്റെ മൊത്തം വിദ്യാഭ്യാസ ബജറ്റിനേക്കാൾ കൂടുതൽ പണം ഒറ്റ പരീക്ഷയ്ക്കായി മാത്രം ചെലവഴിക്കുകയാണെന്നും, വിദ്യാർത്ഥികൾക്ക് അവരുടെ താൽപ്പര്യങ്ങൾ പിന്തുടരാനോ ഇഷ്ടമുള്ള ചോദ്യങ്ങൾ ചോദിക്കാനോ അനുവാദമില്ലാത്തതിനാൽ അവർ കടുത്ത നിരാശയിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ആത്മാവിനെ ആർ.എസ്.എസ് കീഴടക്കിയിരിക്കുകയാണ്. മുൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒരു പ്രതീകം മാത്രമാണെന്നും, വിദ്യാർത്ഥികളുടെ യഥാർത്ഥ ശത്രു ആർ.എസ്.എസ് ആണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥികളെ ‘അന്ധഭക്തർ’ ആക്കാനാണ് അവർ ശ്രമിക്കുന്നത്, എന്നാൽ തങ്ങൾ അന്ധഭക്തരാകില്ലെന്ന ഇന്ത്യയുടെ ആത്മാവിന്റെ പ്രതികരണമാണ് ഈ സമരങ്ങളെന്നും അദ്ദേഹം തുറന്നടിച്ചു.

താൻ സംസാരിക്കാൻ തുടങ്ങുമ്പോൾ ഭരണപക്ഷം നിരന്തരം ബഹളമുണ്ടാക്കുകയാണെന്നും സഭ തികഞ്ഞ ക്രമത്തിൽ കൊണ്ടുപോകേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്തമാണെന്നും സ്പീക്കർ ഓം ബിർളയോട് രാഹുൽ പരാതിപ്പെട്ടു. രാജ്യത്ത് ബി.ജെ.പി മാത്രമാണ് സംസാരിക്കേണ്ടതെങ്കിൽ താൻ അടങ്ങിയിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. സഭയിൽ വന്നിരിക്കാൻ ധൈര്യമില്ലാത്ത ഭയന്ന അവസ്ഥയിലാണ് ആഭ്യന്തരമന്ത്രിയെന്ന് പറഞ്ഞ രാഹുൽ, വിദ്യാർത്ഥികൾക്ക് നേരെ വെടിവെയ്ക്കാൻ ഉത്തരവിട്ടതും അവരുടെ ചോരയിലേക്ക് പെല്ലറ്റുകൾ ഇറക്കിയതും ആഭ്യന്തരമന്ത്രിയാണെന്ന് ആരോപിച്ചു.

രാഹുലിന്റെ ഈ പരാമർശങ്ങൾ സഭയിൽ വലിയ ബഹളത്തിന് വഴിവെച്ചു. ബി.ജെ.പി അംഗങ്ങൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. അൺപാർലമെന്ററി വാക്കാണ് രാഹുൽ ഗാന്ധി ഉപയോഗിച്ചതെന്നും അത് സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജ്ജുവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സ്പീക്കറോട് ആവശ്യപ്പെട്ടു. തുടർന്ന് സ്പീക്കർ അൺപാർലമെന്ററി വാക്കുകൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുകയും രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് തെളിവും മാപ്പും ബി.ജെ.പി എം.പിമാർ ആവശ്യപ്പെടുകയും ചെയ്തു.

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഈ ഭേദഗതി ബിൽ അവതരിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമം കർശനമാക്കിക്കൊണ്ട് 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിർദ്ദിഷ്ട ബിൽ. എന്നാൽ, വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വളർത്താൻ പ്രധാനമന്ത്രി കൊണ്ടുവന്ന സുപ്രധാന ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാതെ വിഷയം രാഷ്ട്രീയവൽക്കരിക്കാനും ശ്രദ്ധ തിരിക്കാനുമാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രി സഭയിൽ എത്തുന്നതിനെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ട നടപടികൾ ഉച്ചയ്ക്ക് ശേഷമാണ് പുനരാരംഭിച്ചത്.

Also read: