10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ തുറന്നു; ബാരിക്കേടുകൾ നീക്കി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ നേതൃത്വത്തിലാണ് ഈ കവാടം തുറന്നത്. ഇതിനായി വർഷങ്ങളായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് മാറ്റി. ‘സമര കവാടം’ എന്ന പേരിൽ പ്രശസ്തമായ ഈ ഗേറ്റ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുറച്ചുനാൾ തുറന്നിട്ടിരുന്നെങ്കിലും, പിന്നീട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൂർണ്ണമായി അടക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഇന്നലെ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകൾ ആവേശപൂർവ്വം ഈ ഗേറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
കേരള ജനതയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചു എന്നതിൻ്റെ തെളിവാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങെന്ന് കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ പ്രതികരിച്ചു. ഭരണസിരാകേന്ദ്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്ക് മുന്നിൽ കൊട്ടിയടച്ച് അതിനെ ഒരു രാവണൻ കോട്ടയാക്കി മാറ്റിയ മുൻ ഭരണാധികാരികളുടെ നടപടിയിൽ നിന്നുള്ള മോചനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവർ പറഞ്ഞു. സാധാരണക്കാർ അധികാരികളുടെ അടുത്തെത്തുന്നത് തടയുക എന്ന ദുരുദ്ദേശമാണ് മുൻപ് ഉണ്ടായിരുന്നത്. എന്നാൽ നിലവിലുള്ള യുഡിഎഫ് സർക്കാർ എല്ലാവരെയും ഒരുമിച്ച് നിർത്തിയും ജനങ്ങളുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം കേട്ടും മുന്നോട്ട് പോകുന്ന ഭരണകൂടമാണെന്നും അതുകൊണ്ടാണ് ഈ ഗേറ്റ് തുറന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഇനി മുതൽ വൈകുന്നേരം മൂന്നുമണിക്ക് ശേഷം പൊതുജനങ്ങൾക്ക് ഈ ഗേറ്റിലൂടെയുള്ള പ്രവേശനം അനുവദിക്കുമെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.