23/07/2026
[fontresizer_tawhidurrahmandear_widget]

ഓണവിപണി സജീവമാക്കാൻ 253 കോടി രൂപ അനുവദിച്ച് സർക്കാർ

 ഓണവിപണി സജീവമാക്കാൻ 253 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാനും വിപണി ഇടപെടലുകൾ കൂടുതൽ സജീവമാക്കാനുമായി സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. ഇതിൽ ഓണവിപണി നടത്തിപ്പിനായി 200 കോടി രൂപയും, എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിൽപ്പെട്ട മുൻഗണനാ ഉപഭോക്താക്കൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനായി 53 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥന പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടതിനെത്തുടർന്നാണ് ധനകാര്യ വകുപ്പ് ഈ വൻ തുക അടിയന്തരമായി അനുവദിച്ചത്. മുൻ സർക്കാരുകളൊന്നും തന്നെ വിപണി ഇടപെടലിനായി ഇത്രയും വലിയൊരു തുക ഒന്നിച്ച് അനുവദിച്ചിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. സപ്ലൈകോ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ പരിഹരിച്ച്, പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ ഈ തുക സഹായകരമാകും.

പുതുക്കിയ ബജറ്റിൽ സപ്ലൈകോയ്ക്കായി നീക്കിവെച്ച 315 കോടി രൂപയിൽ 20 കോടി രൂപ നേരത്തെ തന്നെ അനുവദിച്ചിരുന്നു. നിലവിലുള്ള തുക ചെലവഴിച്ച ശേഷം ഓണവിപണി മുന്നോട്ട് കൊണ്ടുപോകാൻ കൂടുതൽ ഫണ്ട് ആവശ്യമായി വരികയാണെങ്കിൽ വീണ്ടും സർക്കാരിനെ സമീപിക്കാമെന്നും, ആവശ്യമായ അധിക തുക ലഭ്യമാക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ അടിയന്തര സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്തുടനീളം വിപുലമായ ഓണച്ചന്തകൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്ഷ്യവകുപ്പ്.

Also read: